തൃശൂർ: തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കാണാതായ രോഗിയെ ആശുപത്രിയിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ചിറ്റൂർ സ്വദേശി മാക്കുട്ടി റാവുത്തർ (79) ആണ് മരിച്ചത്. ഹൃദ്രോഗത്തെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും ആശുപത്രി അധികൃതരും തെരച്ചിൽ നടത്തിയിരുന്നു.
ഈ മാസം 16നാണ് മാക്കുട്ടി റാവുത്തർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദ്രോഗത്തിന് ചികിത്സ തേടി അഡ്മിറ്റായത്. കൂട്ടിരിപ്പുകാർ ഇല്ലാതിരുന്ന ഇദ്ദേഹത്തെ വാർഡിൽ നിന്ന് കാണാതായതോടെ ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
നവംബർ 19ന് രാത്രിയോടെയാണ് മാക്കുട്ടിയെ കാണാതായതെന്നാണ് വിവരം. തുടർന്ന് നടത്തിയ പരിശോധനയിലാണ് നവംബർ 21ന് ആശുപത്രിയിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മരണ കാരണം ഹൃദയാഘാതമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ തൃശൂർ മെഡിക്കൽ കോളേജ് പൊലീസ് തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.