പ്രതിപക്ഷ നേതാവ് പിണറായി വിജയൻ 
KERALA

രോഗിയുടെ മൃതദേഹം 36 മണിക്കൂർ ശുചിമുറിയിൽ: കേരളത്തിൻ്റെ ആരോഗ്യരംഗം നേരിടുന്ന ഗുരുതരമായ തകർച്ചയുടെ നേർചിത്രമെന്ന് പ്രതിപക്ഷ നേതാവ്

കേവലം ആറ് മാസം കൊണ്ട് കേരളത്തിൻ്റെ അഭിമാനമായിരുന്ന പൊതുജനാരോഗ്യ സംവിധാനത്തെ ഈ നിലയിലേക്ക് എത്തിച്ചിരിക്കുകയാണ് യുഡിഎഫ് സർക്കാരെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തൃശൂർ മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ രോഗിയുടെ മൃതദേഹം 36 മണിക്കൂറിലേറെ ആരുടെയും ശ്രദ്ധയിൽപ്പെടാതെ കിടന്ന സംഭവത്തിൽ ആരോഗ്യ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഈ സംഭവം കേരളത്തിൻ്റെ ആരോഗ്യരംഗം നേരിടുന്ന ഗുരുതരമായ തകർച്ചയുടെ നേർചിത്രമാണെന്നും, കേവലം ആറ് മാസം കൊണ്ട് കേരളത്തിൻ്റെ അഭിമാനമായിരുന്ന പൊതുജനാരോഗ്യ സംവിധാനത്തെ ഈ നിലയിലേക്ക് എത്തിച്ചിരിക്കുകയാണ് യുഡിഎഫ് സർക്കാരെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ശുചിമുറി വൃത്തിയാക്കാൻ പോലും 36 മണിക്കൂറിനിടെ ആരും എത്തിയില്ലെന്നത് ആശുപത്രിയിലെ അടിസ്ഥാന നിരീക്ഷണ സംവിധാനങ്ങൾ പോലും പ്രവർത്തിക്കുന്നില്ല എന്നതിൻ്റെ തെളിവാണ് ഈ സംഭവമെന്നും പിണറായി ചൂണ്ടിക്കാട്ടി. ആരോഗ്യരംഗത്ത് നിന്ന് തുടർച്ചയായി പുറത്തുവരുന്ന ഇത്തരം വാർത്തകൾ സാധാരണക്കാരിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.

പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവനയുടെ പൂർണരൂപം:

തൃശൂർ മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ രോഗിയുടെ മൃതദേഹം 36 മണിക്കൂറിലേറെ ആരുടെയും ശ്രദ്ധയിൽപ്പെടാതെ കിടന്ന സംഭവം കേരളത്തിൻ്റെ ആരോഗ്യരംഗം നേരിടുന്ന ഗുരുതരമായ തകർച്ചയുടെ നേർചിത്രമാണ്. ആശുപത്രിയിലെ അടിസ്ഥാന നിരീക്ഷണ സംവിധാനങ്ങൾ പോലും പ്രവർത്തിക്കുന്നില്ലെന്നതിൻ്റെ തെളിവാണിത്. ശുചിമുറി വൃത്തിയാക്കാൻ പോലും ആ 36 മണിക്കൂറിനിടെ ആരും എത്തിയില്ലെന്നത് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ എത്രത്തോളം താളംതെറ്റിയിരിക്കുന്നു എന്ന് വ്യക്തമാക്കുന്നു.

കേവലം ആറു മാസം കൊണ്ട് കേരളത്തിൻ്റെ അഭിമാനമായിരുന്ന പൊതുജനാരോഗ്യ സംവിധാനത്തെ ഈ നിലയിലേക്ക് എത്തിച്ചിരിക്കുകയാണ് യുഡിഎഫ് സർക്കാർ. ആരോഗ്യരംഗത്തുനിന്ന് തുടർച്ചയായി പുറത്തുവരുന്ന ഇത്തരം വാർത്തകൾ സാധാരണക്കാരിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു. എന്നാൽ, ഈ ഗുരുതരമായ സാഹചര്യം തിരുത്താൻ ഒരു ശ്രമവും സർക്കാർ നടത്തുന്നില്ല. പകരം, ഉത്തരവാദിത്തമില്ലായ്മയും നിഷ്ക്രിയത്വവും കൊണ്ട് ആരോഗ്യരംഗത്തെ പ്രതിസന്ധി കൂടുതൽ വഷളാക്കുകയാണ് ചെയ്യുന്നത്.

SCROLL FOR NEXT