ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ കയ്യിൽ വളയുണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് ബന്ധുക്കൾ പറഞ്ഞു. Source: News Malayalam 24x7
KERALA

ചികിത്സയിലിരിക്കെ മരിച്ച രോഗിയുടെ സ്വർണവള മോഷണം പോയി; പരാതിയുമായി കുടുംബം

ചേർത്തല ചേന്നം പള്ളിപ്പുറം സ്വദേശി നിർമ്മലയുടെ ഒരു പവൻ തൂക്കമുള്ള സ്വർണവളയാണ് നഷ്ടമായത്.

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: ചികിത്സയിലിരിക്കെ മരിച്ച രോഗിയുടെ സ്വർണാഭരണം മോഷണം പോയതായി പരാതി. ചേർത്തല ചേന്നം പള്ളിപ്പുറം സ്വദേശി നിർമ്മലയുടെ ഒരു പവൻ തൂക്കമുള്ള സ്വർണവളയാണ് നഷ്ടമായത്. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ കയ്യിൽ വളയുണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് ബന്ധുക്കൾ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഹൃദയാഘാതത്തെ തുടർന്ന് ചേർത്തല സ്വദേശി നിർമലയെ പള്ളിപ്പുറത്തുള്ള സെൻറ് തോമസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സയ്ക്കു ശേഷം നിർമലയെ ചേർത്തലയിൽ തന്നെയുള്ള കെവിഎം ആശുപത്രിയിലേക്ക് മാറ്റി. ഇവിടെവച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം വൃത്തിയാക്കാൻ കൊണ്ടുപോകും മുൻപ് സ്വർണാഭരണങ്ങൾ ബന്ധുക്കൾക്ക് കൈമാറിയപ്പോഴാണ് വള നഷ്ടമായ വിവരം അറിയുന്നത്.

മൃതദേഹം ഏറ്റുവാങ്ങി സംസ്കാര നടപടികൾ പൂർത്തീകരിച്ച ശേഷമാണ് മകൻ ബേബി ആദ്യം പ്രവേശിപ്പിച്ച സെൻറ് തോമസ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നത്. കയ്യിൽ രണ്ടു വളകളും ഉണ്ടായിരുന്നതായി ബോധ്യപ്പെട്ടു. ഈ വിവരം ചേർത്തലയിലെ കെവിഎം ആശുപത്രിയിൽ ബോധിപ്പിച്ചെങ്കിലും തൃപ്തികരമായ മറുപടിയല്ല ലഭിച്ചത്. ഇതോടെ കുടുംബം പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി രണ്ട് ഹോസ്പിറ്റലുകളിലെയും സിസിടിവി ദൃശ്യങ്ങളും ജീവനക്കാരുടെ മൊഴിയും പൊലീസ് ശേഖരിച്ചു.

SCROLL FOR NEXT