Source: News Malayalam 24x7
KERALA

ആറളത്തെ പുനരധിവാസ മേഖലയിൽ ആവശ്യങ്ങളേറെ; യുഡിഎഫ് സർക്കാരിൽ പ്രതീക്ഷ വച്ച് ജനങ്ങൾ

സ്ഥലം എംഎൽഎ സണ്ണി ജോസഫ് മന്ത്രിസഭയിൽ അംഗം കൂടി ആയതോടെ സർക്കാർ കൈവിടില്ലെന്നാണ് ഇവർ കരുതുന്നത്...

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: പുതിയ സർക്കാർ അധികാരത്തിലേറിയതോടെ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു കൂട്ടം മനുഷ്യരുണ്ട് കണ്ണൂർ ആറളം ഫാമിലെ പുനരധിവാസ മേഖലയിൽ. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം, ക്ഷേമ പ്രവർത്തനങ്ങളുടെയും ഫാമിന്റെ ഫലപ്രദമായ നടത്തിപ്പ് തുടങ്ങിയവയിൽ ഇടപെടൽ വേണമെന്ന ആവശ്യം പുതിയ സർക്കാറിനോടും ആവർത്തിക്കുകയാണ് ഇവിടെയുള്ളവർ. സ്ഥലം എംഎൽഎ സണ്ണി ജോസഫ് മന്ത്രിസഭയിൽ അംഗം കൂടി ആയതോടെ സർക്കാർ കൈവിടില്ലെന്നാണ് ഇവർ കരുതുന്നത്.

ആനക്കാലുകളാൽ ചതഞ്ഞരഞ്ഞവരുടെ രക്തത്തിന്റെ പശിമയുള്ള മണ്ണ്. ഭീതി ഒഴിയാതെ മരവിച്ച് ജീവിക്കുന്ന ജന്മങ്ങൾ. അവഗണനയുടെ മാത്രം കഴിഞ്ഞ കാലങ്ങൾ. കാടകത്തെ ആവാസവ്യൂഹത്തോട് പിരിയാകാത്ത വിധം കെട്ടിപിണഞ്ഞു പോയ പതിനായിരത്തോളം വരുന്ന മനുഷ്യർ പുതിയ സർക്കാരിനെ പ്രതീക്ഷയോടെ നോക്കുകയാണ്. 2004ൽ പതിച്ചു നൽകിയ പുനരധിവാസ മേഖലയിലെ ഭൂമിയിൽ സ്വൈര്യജീവിതം നയിക്കാനുള്ള അവകാശം ഉറപ്പ് നൽകാൻ സർക്കാരുകൾക്ക് കഴിയുന്നില്ല എന്നതാണ് ഇപ്പോഴും ആറളത്തെ പ്രധാന പ്രശ്നം. കാട്ടാനകൾ ജനവാസ മേഖലയിലേക്ക് എത്തുന്നത് തടയാൻ സാധിക്കാത്തതാണ് കാരണം. പാതി വഴിയിൽ ഇഴയുന്ന ആനമതിൽ നിർമാണം ഇനിയെങ്കിലും പൂർത്തിയാക്കുക മാത്രമാണ് പരിഹാരം. ഒപ്പം സോളാർ - വൈദ്യുത ഫെൻസിങ്ങുകൾ കാര്യക്ഷമമാക്കുകയും വേണം.

സാമൂഹ്യമായി ഉന്നത നിലവാരവത്തിലേക്ക് ഈ മനുഷ്യരെ ഉയർത്താനുള്ള പദ്ധതികൾ ഇനിയും വൈകാൻ പാടില്ല. പുനരധിവാസ മേഖലയിലുള്ളവരുടെ പ്രധാന വരുമാന മാർഗമാകേണ്ടത് ആറളം ഫാം ആണ്. 3500 ഏക്കർ വീസ്തൃതിയുള്ള ഭൂമിയിൽ പൂർണമായി കൃഷി നടത്തിയാൽ തന്നെ തൊഴിൽ അവസരങ്ങൾ ഉണ്ടാകും. ശാസ്ത്രീയ രീതിയിൽ കൃഷി നടത്തുന്നതോടെ ഫാമിന്റെ വരുമാനവും വർധിക്കും. വന്യമൃഗശല്യത്തിൽ വിളകൾ നശിച്ചതിന്റെ നഷ്ടപരിഹാരം 19 കോടി രൂപ ഇപ്പോഴും ഫാമിന് കിട്ടാനുണ്ട്. ഫണ്ടുകൾ നിരവധി അനുവദിക്കുന്നെങ്കിലും ഇതൊന്നും അന്തിമമായി ലക്ഷ്യം കാണുന്നില്ല. ആർക്കെന്നോ എന്തിനെന്നോ അറിയാതെ 30നടുത്ത് പുതിയ കെട്ടിടങ്ങൾ കാണാം ആറളത്ത്. വിദ്യാഭ്യാസം, പൊതുവിതരണം, ആരോഗ്യം, സാംസ്കാരികം തുടങ്ങി നിരവധി വകുപ്പുകൾക്ക് വേണ്ടി നിർമിച്ചവയെങ്കിലും വകുപ്പുകൾ ഏറ്റെടുക്കാതായതോടെ എല്ലാം കാട് മൂടി. പ്ലസ് ടുവിന് ശേഷം തൊഴിൽ അധിഷ്ഠിത പഠനത്തിന് സൗകര്യം ഒരുക്കണമെന്നതും പ്രധാന ആവശ്യമാണ്.

കാലാകാലങ്ങളായി അധികാര കൊടികളിലെ നിറം മാറുമെങ്കിലും ആറളത്തുകാരുടെ ജീവിതത്തിന് കണ്ണീരുപ്പേയുള്ളു. ആ ദൈന്യതയുടെ പേരിൽ ചിലവഴിച്ച പണം എവിടേക്ക് പോയെന്നതിന് വ്യക്തമായ ഉത്തരവുമുണ്ടാകാൻ ഇടയില്ല. ഈ മനുഷ്യരെ കേൾക്കാനും അവരുടെ ജീവിതത്തിന് പുതിയ വെളിച്ചം നൽകാനും പുതിയ സർക്കാരിനാകട്ടെ.

SCROLL FOR NEXT