Source: News Malayalam 24x7
KERALA

മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി പിടിയിൽ

മുംബൈയിൽ നിന്നാണ് ഇയാളെ പിടികൂടിയത്

Author : ന്യൂസ് ഡെസ്ക്

കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയിൽ. പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിനോദിനെയാണ് പിടികൂടിയത്. മുംബൈയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

പ്രതിയെ നാളെ കോഴിക്കോട്ട് എത്തിക്കും. കഴിഞ്ഞവർഷം ഡിസംബർ 29നാണ് പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൻ്റെ ചുമർ തുരന്ന് രക്ഷപ്പെട്ടത്. രാത്രി 11 മണിയോടെ രക്ഷപ്പെട്ട ഇയാൾക്കായി പൊലീസ് വ്യാപക തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. രണ്ടാം തവണയാണ് ഇയാൾ ഇവിടെ നിന്നും രക്ഷപ്പെടുന്നത്.

പ്രണയാഭ്യർഥന നിരസിച്ചതിന് 2021ലാണ് പെരിന്തൽമണ്ണ സ്വദേശിയായ ദൃശ്യയെ വിനീഷ് കുത്തിക്കൊലപ്പെടുത്തിയത്. ദൃശ്യയുടെ പിതാവിൻ്റെ വ്യാപാര സ്ഥാപനത്തിന് തീയിട്ട ശേഷം വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ കുത്തിവീഴ്ത്തുകയായിരുന്നു. റിമാൻഡിലായിരുന്ന പ്രതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ഇതിനിടയിൽ ഇയാൾ കൊതുകുതിരി കഴിച്ച് ജീവനൊടുക്കുവാനും ശ്രമിച്ചിരുന്നു.

SCROLL FOR NEXT