KERALA

പെരിയ ഇരട്ടക്കൊല കേസ്: നാല് പ്രതികളുടെ പരോൾ തടഞ്ഞു

ആറ് പ്രതികൾ പുറത്ത് ഇറങ്ങിയതിന് പിന്നാലെ കൂട്ടപരോൾ വിവാദമായിരുന്നു.

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിലെ നാല് പ്രതികളുടെ പരോൾ തടഞ്ഞ് അധികൃതർ. പ്രതികൾക്ക് കൂട്ട പരോൾ അനുവദിച്ചത് വിവാദമായതിന് പിന്നാലെയാണ് അധികൃതരുടെ നടപടി.

സംഭവത്തിൽ ആഭ്യന്തര വകുപ്പ് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട സാഹചര്യത്തിൽ നിലവിൽ പ്രതികളെ പുറത്തിറക്കില്ല. ചട്ടങ്ങൾ ലംഘിച്ച് എല്ലാ പ്രതികൾക്കും ഒരുമിച്ച് പരോൾ നൽകി എന്നായിരുന്നു പരാതി.

ഈ മാസം 20നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് കൂട്ട പരോള്‍ അനുവദിച്ചത്. ഒന്നാംപ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാംപ്രതി ഗിജിൻ, ആറാം പ്രതി അശ്വൻ, പതിനഞ്ചാം പ്രതി വിഷ്ണു സുര എന്നിവർക്കായിരുന്നു പരോൾ ലഭിച്ചത്.

2019 ഫെബ്രുവരി 17ന് വൈകുന്നേരം ആറിനും ഏഴരയ്ക്കുമിടയിലാണ് പെരിയ വില്ലേജിലെ കണ്ണാടിപാറ കല്ലിയോട്ട് വെച്ച് ശരത് ലാലും കൃപേഷും ക്രൂരമായി കൊലചെയ്യപ്പെട്ടത്. ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 24 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതില്‍ 10 പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

SCROLL FOR NEXT