ബിന്ദുവും ഭർത്താവും  NEWS MALAYALAM 24x7
KERALA

മറവി രോഗിയായ വീട്ടുടമ സോഫയ്ക്ക് താഴെ വെച്ച സ്വര്‍ണമാല; ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞത് പൊലീസിന്റെ കള്ളക്കഥ

ചവറ് കൂനയില്‍ നിന്നാണ് മാല കിട്ടിയതെന്ന് പറയാന്‍ വീട്ടുടമയോട് ആവശ്യപ്പെട്ടതും പൊലീസ്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: 2025 ഏപ്രില്‍ 23 നായിരുന്നു സംഭവം. പേരൂര്‍ക്കടയില്‍ ബിന്ദു ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്നും സ്വര്‍ണമാല മോഷ്ടിച്ചുവെന്നായിരുന്നു ആരോപണം. വീട്ടുടമയുടെ പരാതിയില്‍ ബിന്ദുവിനെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി മണിക്കൂറുകളോളം കസ്റ്റഡിയിൽവെച്ചു. വെള്ളമോ ഭക്ഷണമോ പോലും നല്‍കിയില്ല. ബന്ധുക്കളേയും കാണാന്‍ അനുവദിച്ചില്ല.

വീട്ടുജോലി കഴിഞ്ഞ് മടങ്ങും വഴിയാണ് ബിന്ദുവിന് വീട്ടുടമയുടെ മാല നഷ്ടപ്പെട്ടെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഫോണ്‍ കോള്‍ വരുന്നത്. താന്‍ എടുത്തിട്ടില്ലെന്ന് ബിന്ദു പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ വിശമദായി കാര്യങ്ങള്‍ അന്വേഷിക്കാതെ ബിന്ദുവിനെ ചീത്തവിളിക്കുകയായിരുന്നു.

സ്‌റ്റേഷനില്‍ നിന്നും മഫ്തിയിലുള്ള പൊലീസ് സംഘം ബിന്ദുവിനേയും കൂട്ടി തൊണ്ടിമുതല്‍ അന്വേഷിച്ച് വീട്ടിലെത്തി. ബിന്ദുവിനേയും കൊണ്ട് ഒരു സംഘം ആളുകള്‍ വീട്ടിലേക്ക് വരുന്നത് കണ്ട് ഭര്‍ത്താവിന് ആദ്യം കാര്യം മനസ്സിലായിരുന്നില്ല. മോഷ്ടിക്കാത്ത മാലയ്ക്കു വേണ്ടി ഭക്ഷണമോ വെള്ളമോ നല്‍കാതെ ഒരു രാത്രി മുഴുവന്‍ ബിന്ദുവിനെ പൊലീസ് കസ്റ്റഡിയില്‍ വെച്ചു.

ഒടുവില്‍ മാല വീട്ടുടമയുടെ വീട്ടില്‍ നിന്ന് തന്നെ കണ്ടെത്തിയപ്പോള്‍ അത് മറച്ചുവെക്കുകയായിരുന്നു പൊലീസ്. മേലാല്‍ കണ്ടു പോകരുതെന്ന താക്കീത് കൂടി നല്‍കിയായിരുന്നു ബിന്ദുവിനെ സ്റ്റേഷനില്‍ നിന്ന് പറഞ്ഞുവിട്ടത്.

അനുഭവിച്ചതൊക്കെയും വിശദമാക്കി മുഖ്യമന്ത്രിക്കും ഡിജിപിക്കും പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പിനും ബിന്ദു പരാതി നല്‍കിയിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെ ഇടപെട്ട സാഹചര്യത്തിലാണ് ജില്ലയ്ക്ക് പുറത്തുള്ള ഉദ്യോഗസ്ഥനിലേക്ക് അന്വേഷണ ചുമതല എത്തിയത്.

ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ബിന്ദു നിരപരാധിയാണെന്ന് കണ്ടെത്തി. വീട്ടുടമ ഓമന ഡാനിയല്‍ ആഭരണം വീട്ടിലെ സോഫയ്ക്കു താഴെ വെച്ചു മറക്കുകയായിരുന്നു. ഇവിടെ നിന്ന് തന്നെയാണ് മാല കണ്ടെത്തിയതും. മറവി രോഗമുള്ള വ്യക്തിയാണ് ഓമന. സ്വര്‍ണം വീടിന്റെ പിന്നിലെ ചവര്‍ കൂനയില്‍ നിന്നും കണ്ടെത്തിയെന്നായിരുന്നു പേരൂര്‍ക്കട പൊലിസ് പറഞ്ഞിരുന്നത്. ഇത് തെറ്റാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. ബിന്ദുവിനെ അന്യായമായി കസ്റ്റഡിയില്‍ വെച്ചത് ന്യായീകരിക്കാന്‍ പൊലീസ് ചിലത് കെട്ടിച്ചമച്ചതാണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. ചവറ് കൂനയില്‍ നിന്നാണ് മാല കിട്ടിയതെന്ന് പറയാന്‍ ഓമനയോട് ആവശ്യപ്പെട്ടതും പൊലീസാണെന്നും കണ്ടെത്തലുണ്ട്. സോഫയില്‍ നിന്നും കിട്ടിയെന്നായിരുന്നു ഓമനയുടെ മൊഴി.

ബിന്ദുവിനെ അന്യായമായി കസ്റ്റഡിയില്‍ വെച്ച സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി നേരത്തേ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രസാദ്, പ്രസന്നന്‍ എന്നീ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡും ചെയ്തിരുന്നു. എസ്എച്ച്ഒ ശിവകുമാറിനെ കോഴിക്കോടേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. എസ്ടി-എസ്സി കമ്മീഷന്റെ നിര്‍ദേശത്തില്‍ വീട്ടുടമ ഓമന ഡാനിയലിനെതിരേയും കേസെടുത്തിരുന്നു.

SCROLL FOR NEXT