കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ പാരിയത്ത്കാവ് കുടിയൊഴിപ്പിക്കലുമായി മുന്നോട്ട് പോകണമെന്ന് പെരുമ്പാവൂർ മുൻസിഫ് കോടതി. ശനിയാഴ്ച ഒഴിപ്പിക്കൽ പൂർത്തിയാക്കാൻ കോടതി നിർദേശം നൽകി. ഒഴിപ്പിക്കൽ പൂർത്തിയായില്ലെങ്കിൽ മുഴുവൻ പേരെയും മാറ്റുന്നത് വരെ നടപടി തുടരണമെന്നും, ആവശ്യമായ സുരക്ഷ നൽകണമെന്നും പൊലീസിന് കർശന നിർദേശമുണ്ട്.
അതേ സമയം പാരിയത്ത്കാവ് കുടിയൊഴിപ്പിക്കലിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല റിപ്പോർട്ട് തേടി. മൂന്നുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ചെന്നിത്തലയുടെ നിർദേശം. സംഭവത്തിൽ പൊലീസിനു വീഴ്ചയുണ്ടോ എന്ന് പരിശോധിക്കാൻ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് നിർദേശം നൽകിയത്.
കുടിയൊഴിപ്പിക്കലിനെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ 50 ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് കേസെടുത്തത്. ഉന്നതിയിലെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടിക്കിടെ കഴിഞ്ഞ ദിവസം സംഘർഷമുണ്ടായിരുന്നു. ആഭ്യന്തര മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ഒഴിപ്പിക്കൽ നടപടികൾ നിർത്തിവച്ചത്.
സുപ്രീം കോടതിയാണ് എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടം തുരുത്തിലെ ഏഴ് പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം രാവിലെ മുതൽ പൊലീസ് നടപടി ആരംഭിക്കുകയും ചെയ്തിരുന്നു. ഇതുംചേർത്ത് പതിനഞ്ചാം തവണയാണ് കോടതി ഉത്തരവ് നടപ്പിലാക്കാൻ ശ്രമം നടക്കുന്നത്. എന്നാൽ പ്രതിഷേധം മൂലം ഉത്തരവ് നടപ്പാക്കാനായിരുന്നില്ല.