

തിരുവനന്തപുരം: അശുഭമെന്ന അന്ധവിശ്വാസത്തെ വകവെയ്ക്കാതെ 13-ാം നമ്പർ കാർ ചോദിച്ചുവാങ്ങി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. ഷാജിക്ക് ആദ്യം അനുവദിച്ച 9-ാം നമ്പർ കാർ രമേശ് ചെന്നിത്തലയ്ക്ക് നൽകി. പൊതുവിൽ യുഡിഎഫ് മന്ത്രിമാർ പതിമൂന്നാം നമ്പർ ഏറ്റെടുക്കാറില്ല. പുതിയ മന്ത്രിമാരിൽ ആരും തന്നെ ഈ വാഹനം ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. സാധാരണയായി 13 എന്ന അക്കത്തെ ഭാഗ്യദോഷമായാണ് പലരും കണക്കാക്കുന്നത്.
തനിക്ക് ഒമ്പതാം നമ്പർ കാർ വേണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരത്തെ തന്നെ ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ചെന്നിത്തലയുടെ താല്പര്യം മാനിച്ചുകൊണ്ട് കെ.എം. ഷാജി ആ കാർ വിട്ട് നൽകുകയായിരുന്നു. പകരം ആരും തൊടാത്ത 13-ാം നമ്പർ കാർ തനിക്ക് മതിയെന്ന് വ്യക്തമാക്കി അത് ഏറ്റെടുക്കുകയും ചെയ്തു. ഇതോടെ പതിമൂന്നാം നമ്പർ കാറിനെ ചുറ്റിപ്പറ്റിയുള്ള ഇത്തവണത്തെ അന്ധവിശ്വാസ ചർച്ചകൾ അവസാനിക്കുകയാണ്.
13 പാവം നമ്പർ, അശുംഭം എന്ന് തോന്നുന്നില്ല എന്നാണ് കെ.എം. ഷാജി പ്രതികരിച്ചത്. അന്ധവിശ്വാസമില്ല, ഏത് നമ്പറായാലും ഹാപ്പിയാണ്. ഒമ്പത് താത്കാലിക നമ്പറായിരുന്നു. വീണ്ടും മന്ത്രിയാകണമെന്ന് തനിക്ക് നിർബന്ധമില്ലെന്നും കെ.എം. ഷാജി പറഞ്ഞു. മുൻപ് അധികാരത്തിലിരുന്ന യുഡിഎഫ് സർക്കാരുകളുടെ കാലത്തെല്ലാം 13-ാം നമ്പർ സ്റ്റേറ്റ് കാർ ആരും ഉപയോഗിച്ചിരുന്നില്ല. കഴിഞ്ഞ പത്തു വർഷത്തെ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് രണ്ടു തവണയും ഇടതുപക്ഷ മന്ത്രിമാർ 13-ാം നമ്പർ കാർ മനഃപൂർവ്വം ചോദിച്ചു വാങ്ങിയിരുന്നു.
അന്ധവിശ്വാസങ്ങൾക്കെതിരെ കൃത്യമായ സന്ദേശം നൽകിയ മുൻ മന്ത്രിമാരുടെ മാതൃകയാണ് കെ.എം. ഷാജിയും ഇവിടെ പിന്തുടർന്നത്. പിണറായി സർക്കാരിൽ കൃഷി വകുപ്പ് മന്ത്രിയായിരുന്ന സിപിഐ നേതാവ് പി. പ്രസാദായിരുന്നു 13-ാം നമ്പർ കാറിൽ ഔദ്യോഗികമായി സഞ്ചരിച്ചത്. അതിന് മുൻപത്തെ ഒന്നാം പിണറായി സർക്കാരിൽ പ്രമുഖ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന ഡോ. ടി.എം. തോമസ് ഐസക്കും അതേ കാർ ഉപയോഗിച്ചിരുന്നു.