എറണാകുളം പെരുമ്പാവൂരില്‍ അതിശക്തമായ മഴയില്‍ മരം വീണ് അങ്കണവാടിയുടെ ഒരു ഭാഗം തകർന്നു. വേങ്ങൂർ പാണിയലി മൂന്നാം വാർഡിലാണ് അപകടം. അങ്കണവാടിയിലെ കളിപ്പാട്ടങ്ങളും, ഉപകരണങ്ങളും തകർന്നു. കുട്ടികള്‍ക്കോ, ജീവനക്കാര്‍ക്കോ പരിക്കില്ല. അതിശക്തമായ കാറ്റില്‍ മരം കടപുഴകി വീഴുകയായിരുന്നു. കുട്ടികൾ സാധാരണ ഇരിക്കുകയും കളിക്കുകയും ചെയ്യുന്ന സ്ഥലത്താണ് മരം വീണത്. കുട്ടികൾ ഭക്ഷണം കഴിക്കാനായി മാറിയിരുന്ന സമയമായതിനാല്‍ വലിയ ദുരന്തം ഒഴിവായി.
ജില്ലയിൽ മഴ തുടരുകയാണ്. രാവിലെ ശാന്തമായിരുന്ന പല പ്രദേശങ്ങളെയും ഉച്ചയോടെ മഴക്കെടുതി ബാധിച്ചു.കിഴക്കൻ മേഖലയിൽ മരം കടപുഴകി വീണ് വലിയ നാശനഷ്ടങ്ങൾ ഉണ്ടായി. ഈ പ്രദേശങ്ങളിൽ വ്യാപക കൃഷി നാശവും ഉണ്ട്. കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും ഒപ്പം വേലിയേറ്റം കൂടി ആയതോടെ തീരദേശ മേഖലയിലെ ജനജീവിതം ദുരിത പൂർണമായി. കണ്ണമാലി ചെല്ലാനം ഭാഗങ്ങളിൽ ടെട്രാപോഡ് കടല്‍ ഭിത്തി ഇല്ലാത്ത സ്ഥലങ്ങളിൽ താൽക്കാലിക കടൽഭിത്തി തകർത്ത് തിരമാലകൾ തീരദേശ റോഡിൽ വെള്ളക്കെട്ട് സൃഷ്ടിച്ചു. പല വീടുകളും അപകട അവസ്ഥയിലായി.
ജില്ലയിലെ പ്രധാന നദികളായ പെരിയാറും മൂവാറ്റുപുഴയാറും കരകവിഞ്ഞു. ഇരു നദി കളുടെയും തീരപ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. ഇവരോട് മാറിതാമസിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. ജില്ലയിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. എട്ടോളം കുടുംബങ്ങളാണ് ഈ ക്യാമ്പിൽ ഉള്ളത്. നഗരപ്രദേശങ്ങളിലും ശക്തമായ മഴ വെള്ളക്കെട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. ജില്ലയിലെ കിഴക്കൻ മേഖലകളിലെ ആദിവാസി ഉന്നതികൾ അടക്കം ഒറ്റപ്പെട്ട അവസ്ഥയിലാണ്. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചു. മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നുണ്ട്.