എറണാകുളം: മൂവാറ്റുപുഴയിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥ പെറ്റി കേസ് പിഴയിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. നാലു വർഷത്തിനിടെ മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിൽ ഉണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരുടേയും മൊഴിയെടുക്കും. ഇവരുടെയെല്ലാം കൈയക്ഷരവും പരിശോധിക്കും. 2018 മുതൽ 2022 വരെ സ്റ്റേഷനിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് വിളിച്ച് വരുത്തുക.
തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ വനിത സിപിഒ ശാന്തി കൃഷ്ണ കുറ്റം നിഷേധിക്കുകയും മറ്റ് ഉദ്യോഗസ്ഥരാണ് തട്ടിപ്പ് നടത്തിയതെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ബാങ്ക് രസീതുകൾ, ക്യാഷ് ബുക്ക് എന്നിവയിൽ കൃത്രിമം വരുത്തിയായിരുന്നു തട്ടിപ്പ് നടത്തിയത്.
മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്സ്മെൻ്റ് യൂണിറ്റിൽ റൈറ്ററായിരുന്നു ശാന്തി കൃഷ്ണൻ. 16 ലക്ഷം രൂപയാണ് നാലു വർഷത്തിനിടെ ശാന്തി കൃഷ്ണൻ തട്ടിയെടുത്തത്. സംഭവത്തിന് പിന്നാലെ ശാന്തിയെ എറണാകുളം റൂറൽ എസ്‌പി സസ്പെൻഡ് ചെയ്തിരുന്നു.