KERALA

പിണറായിക്കെതിരെ നടപടിയെടുത്താല്‍, യുഡിഎഫ് നേതാക്കള്‍ വെട്ടിലാകുമോ? സിഎംആര്‍എല്‍ ഡയറി വീണ്ടും ചര്‍ച്ചയാകുന്നു

നിലവിലെ സംഭവവികാസങ്ങളിൽ ആർജെഡി സിപിഐഎമ്മിന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ സിപിഐ അർത്ഥഗർഭമായ മൗനം തുടരുകയാണ്

Author : ന്യൂസ് ഡെസ്ക്

സിഎംആർഎൽ-എക്സാലോജിക് പണമിടപാട് കേസിൽ രാഷ്ട്രീയവിവാദം കത്തിപ്പടരുന്നതിനിടെ, സിഎംആർഎല്ലിൻ്റെ ഡയറി വീണ്ടും ചര്‍ച്ചയാകുന്നു. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പടെ യുഡിഎഫ് നേതാക്കള്‍ കോടികൾ കൈപ്പറ്റിയെന്ന് സിഎംആർഎൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആദായനികുതി വകുപ്പിനും ഇഡിക്കും നൽകിയ മൊഴിയാണ് വീണ്ടും ചർച്ചയാകുന്നത്. ഇ.ഡിയുടെ കത്തിലെ തുടർനീക്കം, ആഭ്യന്തര മന്ത്രി യുഎസില്‍ നിന്നും തിരിച്ചെത്തിയ ശേഷം മതിയെന്നാണ് സർക്കാരിന്റെ തീരുമാനം. നിലവിലെ സംഭവവികാസങ്ങളിൽ ആർജെഡി സിപിഐഎമ്മിന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ സിപിഐ അർത്ഥഗർഭമായ മൗനം തുടരുകയാണ്.

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടുള്ള ഇഡിയുടെ കത്തിന്മേൽ രാഷ്ട്രീയ ഉദ്വേഗം കൊട്ടിക്കയറുന്നതിനിടെയാണ് സിഎംആര്‍എലിൻ്റെ ഡയറി വീണ്ടും ചർച്ചയാകുന്നത്. സിഎംആര്‍എല്‍ സിഎഫ്ഒ സുരേഷ് കുമാറിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ ഡയറിയിൽ പിണറായി വിജയന്റെ പേരിന് പുറമേ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, ഇബ്രാഹിം കുഞ്ഞ്, ഉമ്മൻ ചാണ്ടി എന്നിവരുടെ പേരുകളുടെ ചുരുക്കെഴുത്തുകളും ഉണ്ടായിരുന്നു. RC, OC, KK, IK എന്നിങ്ങനെയുള്ള ചുരുക്കെഴുത്തുകൾ ഇവരൊക്കെ തന്നെയെന്നും എല്ലാവരും പണം കൈപ്പറ്റിയിട്ടുണ്ടെന്നും 2024 ഏപ്രിലിൽ ഇഡിക്ക് നൽകിയ മൊഴിയിൽ സുരേഷ് കുമാർ വിശദീകരിക്കുന്നുണ്ട്. ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന് നൽകിയ മൊഴി ഇഡിക്ക് മുന്നിലും സുരേഷ് കുമാർ അതേപടി ആവർത്തിക്കുകയായിരുന്നു.

എന്നാൽ, സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി നൽകിയ കത്തിൽ യുഡിഎഫ് നേതാക്കളുടെ പേരുകൾ ഒഴിവാക്കി, മറ്റ് ചിലർ എന്ന് മാത്രമാണ് പരാമർശം. ഇതൊരു കെണിയാണെന്ന് യുഡിഎഫിൽ അഭിപ്രായമുണ്ട്. മൊഴിയിൽ നിലവിലെ മന്ത്രിമാരുടെ പേരുകളടക്കം ഉള്ള നിലയ്ക്ക്, എടുത്തുചാടി പിണറായി വിജയനെതിരെ നിയമ നടപടിയെടുത്താൽ പിന്നീട് കുരുക്കായേക്കുമോ എന്ന ആശങ്കയും സർക്കാരിനുണ്ട്. ഇഡിയുടെ കത്തിലെ തുടർനീക്കം ആഭ്യന്തര മന്ത്രി യുഎസില്‍ നിന്നും തിരിച്ചെത്തിയ ശേഷം മാത്രം മതിയെന്നാണ് സർക്കാരിന്റെ തീരുമാനം. തിടുക്കപ്പെട്ട് കേസ് എടുത്താൽ ബിജെപി-കോൺഗ്രസ് ഡീൽ ആരോപണം ഉയരുമെന്നും സർക്കാർ വിലയിരുത്തുന്നു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം കിട്ടിയതിനുശേഷം എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കും.

അതിനിടെ, പിണറായി വിജയനെ വ്യക്തിപരമായി ആക്രമിക്കാൻ ഇഡി രാഷ്ട്രീയ ലക്ഷ്യത്തോടെ വർഷങ്ങളായി ശ്രമിക്കുകയാണെന്ന് കെ.എൻ.ബാലഗോപാൽ ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ ഗ്രൗണ്ടിലേക്ക് ഇപ്പോൾ ഇഡി ഫുട്ബോൾ ഇട്ടുനൽകിയിരിക്കുകയാണ്. കേസ് യുഡിഎഫിലേക്ക് എത്തും എന്നതുകൊണ്ടാണ് സർക്കാരിന്റെ മെല്ലെപ്പോക്കെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രനും വിമര്‍ശിച്ചു.

അതിനിടെ ഇഡിയുടെ നീക്കം ദുരുപദിഷ്ടമെന്ന് ആരോപിച്ച് ആർജെഡി സിപിഐഎമ്മിന് പിന്തുണ പ്രഖ്യാപിച്ചു. സിപിഐഎം സ്വീകരിച്ചത് വ്യക്തമായ നിലപാടാണ്. ഇടപാടിൽ പങ്കുള്ളതായി പറയുന്ന മന്ത്രിസഭയിലെ അംഗങ്ങളുടെ കാര്യത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ആർജെഡി സെക്രട്ടറി ജനറൽ ഡോ. വർഗീസ് ജോർജ് പ്രതികരിച്ചു.

അതേസമയം, വിഷയത്തില്‍ സിപിഐ ഇപ്പോഴും മൗനം തുടരുകയാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് ചേർന്നെങ്കിലും പിണറായിക്ക് പിന്തുണ നൽകുന്നതിൽ തീരുമാനമായില്ല. പ്രതിപക്ഷ ഉപനേതൃ പദവിയെ ചൊല്ലി ബന്ധം വഷളായ സാഹചര്യത്തിലാണ് സിപിഐയുടെ അർത്ഥഗർഭ മൗനം. അതിനിടെ, ഭീഷണിപ്പെടുത്തിയാണ് തന്റെ മൊഴി രേഖപ്പെടുത്തിയതെന്ന പി.എ. മുഹമ്മദ് റിയാസിൻ്റെ സുഹൃത്ത് ഹസൻ വാരിസിൻ്റെ മറുപടി സത്യവാങ്മൂലം ഇഡി തള്ളി. റിയാസിനു വേണ്ടി ഹസൻ ദുബായിലേക്ക് പണം അയച്ചതിന് തെളിവുകളുണ്ടെന്നും പരാതി നിലനിൽക്കില്ലെന്നുമാണ് ഇഡിയുടെ വാദം.

SCROLL FOR NEXT