നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഓരോ നിമിഷവും വോട്ടർമാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് സ്ഥാനാർഥികളും പ്രവർത്തകരും. പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ മുന്നണികൾക്കായി പ്രമുഖ നേതാക്കൾ നിലമ്പൂരിലേക്കെത്തുകയാണ്. പ്രചരണം കൊഴുപ്പിക്കാനായി മുഖ്യമന്ത്രി പിണറായി വിജയനും, പ്രിയങ്കാ ഗാന്ധി എംപിയും നാളെ നിലമ്പൂരിലെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം.
എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നാളെ മുതൽ മൂന്ന് ദിവസം മുഖ്യമന്ത്രി പങ്കെടുക്കും. മണ്ഡലത്തിൽ പ്രചരണത്തിനെത്തുന്ന പ്രിയങ്കാ ഗാന്ധി രണ്ട് പൊതു യോഗങ്ങളിൽ പങ്കെടുക്കും. സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവറും പ്രവർത്തകരും പ്രചരണത്തിനായി യൂസഫ് പത്താനെ സ്വാഗതം ചെയ്യാനുള്ള ഒരുക്കത്തിലാണ്.
വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ അഖില ഭാരതീയ ഹിന്ദുമഹാസഭ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചെന്ന തരത്തിൽ പുറത്തുവന്ന വാർത്തയും വിവാദമായിരുന്നു.
വാർത്ത വിവാദമായതിന് പിന്നാലെ അഖില ഭാരതീയ ഹിന്ദു മഹാസഭ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചെന്ന വാദം തള്ളി ഹിന്ദു മഹാസഭയുടെ കേരള അധ്യക്ഷൻ സ്വാമി ഭദ്രാനന്ദ രംഗത്തെത്തിയിരുന്നു. ശബരിമല വിഷയത്തിലെ വിവാദ പരാമർശത്തിൽ മാപ്പ് പറയാത്ത സ്വരാജിന് പിന്തുണ നൽകില്ല. ഹിന്ദു മഹാസഭയുടെ പേരിൽ ചിലർ എൽഡിഎഫിനൊപ്പം നിൽക്കുന്നത് സ്വരാജിനുള്ള പണിയാണെന്നും സ്വാമി ഭദ്രാനന്ദ പറഞ്ഞിരുന്നു.
നിലവിലെ ട്രെൻഡ് അനുസരിച്ച് ജനങ്ങൾക്ക് താൽപര്യം ആര്യാടൻ ഷൗക്കത്തിനോടാണെന്ന് പറഞ്ഞ സ്വാമി ഭദ്രാനന്ദ, ആര്യാടൻ മുഹമ്മദ് സനാതന ധർമ്മത്തിൻ്റെ മഹത്വം പറഞ്ഞ വ്യക്തിയാണെന്നും അദ്ദേഹത്തിൻ്റെ മകനും ആ പാത പിന്തുടർന്നാൽ ഇവിടുത്തെ ജനങ്ങൾ സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു. നിലവിൽ ബിജെപിയെയും എൽഡിഎഫിനെയും പിന്തുണക്കാനാവില്ലെന്നും ഹിന്ദു മഹാസഭ അറിയിച്ചു.
നിലമ്പൂരിൽ പ്രചരണം അവസാന ലാപ്പിലേക്ക് അടുക്കുമ്പോൾ വിജയപ്രതീക്ഷയിലാണ് സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവറും.എൽഡിഎഫിന്റെ 40 ശതമാനം വോട്ട് പിടിച്ചെടുക്കുമെന്നാണ് അൻവറിൻ്റെ അവകാശവാദം.