ഐഷി ഘോഷ്, പിണറായി വിജയന്‍ 
KERALA

ഐഷി ഘോഷിനെതിരായ പൊലീസ് നീക്കം: തിരിച്ചടിയുടെ ജാള്യത മറയ്ക്കാനുള്ള കേന്ദ്രത്തിന്റെ പ്രതികാര നടപടി: പിണറായി വിജയന്‍

"ഡൽഹി പൊലീസ് നടപടി കടുത്ത ജനാധിപത്യ ധ്വംസനവും പൗരന്റെ ഭരണഘടനാ അവകാശങ്ങളുടെ നഗ്നമായ ലംഘനവും"

Author : ന്യൂസ് ഡെസ്ക്

ഡൽഹിയിലെ സിപിഐഎം കേന്ദ്രകമ്മിറ്റി ഓഫീസിൽ കടന്നുകയറി എസ്എഫ്ഐ നേതാവും ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് നടത്തിയ ശ്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഡൽഹി പൊലീസിന്റെ നടപടി കടുത്ത ജനാധിപത്യ ധ്വംസനവും പൗരന്റെ ഭരണഘടനാ അവകാശങ്ങളുടെ നഗ്നമായ ലംഘനവുമാണെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കോടതിയിലുള്ള ഒരു പഴയ കേസിന്റെ പേരിൽ പാർട്ടി ഓഫീസിൽ കടന്ന് അറസ്റ്റു ചെയ്യാൻ ശ്രമിച്ചത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. ജന്തർ മന്തറിൽ കേന്ദ്ര സർക്കാരിനും സംഘപരിവാർ ശക്തികൾക്കുമുണ്ടായ കനത്ത തിരിച്ചടിയുടെ ജാള്യത മറയ്ക്കാനുള്ള പ്രതികാര നടപടിയായേ ഇതിനെ കാണാൻ കഴിയൂ. രാജ്യത്തെ വിദ്യാർഥി പ്രസ്ഥാനങ്ങളുടെ സമരവീര്യത്തെ കള്ളക്കേസുകളിൽ കുടുക്കി ഒതുക്കാമെന്നും ചോദ്യം ചെയ്യുന്നവരെയും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെയും ഭയപ്പെടുത്തി നിശബ്ദരാക്കാമെന്നും കരുതുന്നത് വെറും വ്യാമോഹം മാത്രമാണ്. ഇത്തരം വിരട്ടലുകൾക്കും അടിച്ചമർത്തലുകൾക്കും മുന്നിൽ മുട്ടുമടക്കുന്നവരല്ല എസ്എഫ്ഐയും ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനങ്ങളുമെന്ന് കേന്ദ്ര സർക്കാർ ഓർക്കുന്നത് നന്നായിരിക്കും.

സിപിഐഎം കേന്ദ്ര കമ്മിറ്റി ഓഫീസിൽ അതിക്രമിച്ചു കടക്കാനുള്ള ഡൽഹി പൊലീസിന്റെ നീക്കം അപലപനീയമാണ്. സഖാവ് ഐഷി ഘോഷിനും എസ്എഫ്ഐയുടെ പോരാളികൾക്കും ഐക്യദാർഢ്യം അറിയിക്കുന്നു. ഈ വേട്ടയാടലിനെതിരെ രാജ്യവ്യാപകമായി ജനാധിപത്യവിശ്വാസികളുടെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ടെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT