Source: Social Media
KERALA

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നാലാം ദിവസവും പൊതുജനങ്ങളോട് മൗനം തുടര്‍ന്ന് പിണറായി; അണികൾക്കിടയിലും രോഷം

വ്യക്തിപരമായ അധിക്ഷേപം മുഖവിലയ്‌ക്ക് എടുക്കുന്നില്ലെന്നാണ് എല്‍ഡിഎഫ് യോഗത്തില്‍ പിണറായി പറഞ്ഞത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയം നുണഞ്ഞ് നാല് ദിവസം കഴിഞ്ഞിട്ടും മിണ്ടാട്ടമില്ലാതെ കാവല്‍ മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയന്‍. ഇതുവരെയും മാധ്യമങ്ങളെ കാണാന്‍ കൂട്ടാക്കിയില്ലെന്ന് മാത്രമല്ല, സോഷ്യല്‍ മീഡിയ വഴി പോലും യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. സമൂഹ മാധ്യമങ്ങളിലും പിണറായിയുടെ മൗനം ചര്‍ച്ചയാവുകയാണ്.

അതേസമയം എല്‍ഡിഎഫ് യോഗത്തില്‍ പിണറായി സംസാരിച്ചു. വ്യക്തിപരമായ അധിക്ഷേപം മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. ശക്തമായി തിരിച്ചുവരാന്‍ കഴിയുമെന്നും

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തിരിച്ചുവരാന്‍ കഴിയുമെന്നും പിണറായി പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പലവിധ കാരണങ്ങള്‍ ഉണ്ടെന്നും എല്ലാം അതിജീവിച്ച് പാര്‍ട്ടി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും വ്യാപക വിമര്‍ശനമാണ് പാര്‍ട്ടിയില്‍ ഉയരുന്നത്. കനത്ത തോല്‍വിക്ക് പിന്നാലെ പാര്‍ട്ടി അണികളുടെ വിമര്‍ശനത്തിന്റെ ചൂട് അറിയുകയാണ് സിപിഐഎം നേതൃത്വം.

സിപിഐഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും സംസ്ഥാന സെക്രട്ടറിയുടെ പോസ്റ്റുകളിലും നിറയുന്നത് അണികളുടെ രോഷ പ്രകടനം. എല്ലാത്തിലും പ്രകടമാകുന്നത് നേതൃത്വം മാറണമെന്ന മുറവിളിയാണ്. 13 മണിക്കൂര്‍ നീണ്ട ഇന്നലത്തെ സെക്രട്ടേറിയറ്റ് യോഗത്തിലും വിമര്‍ശനം ഉയര്‍ന്നു. മറയില്ലാതെ സംസാരിക്കാനും മുന്‍വിധിയില്ലാതെ കേള്‍ക്കാനും നേതൃത്വം തയ്യാറാകണമെന്ന് ആവശ്യം.

വിമത ശബ്ദം വിജയം കണ്ട കണ്ണൂരിലാണ് സിപിഐഎമ്മിന് ഏറ്റവും വലിയ തലവേദന. വിവിധയിടങ്ങളില്‍ പി. ജയരാജനായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നത് തുടരുകയാണ്. പാപ്പിനിശ്ശേരി പഞ്ചായത്ത് ഓട്ടോ സ്റ്റാന്‍ഡിന് സമീപവും, തളിപ്പറമ്പ് കുറുമാത്തൂര്‍ സ്‌കൂളിന് സമീപത്തുമാണ് പോസ്റ്ററുകള്‍. വാക്കുകളല്ല, വാര്‍ത്തമാനകാലം ആവശ്യപ്പെടുന്നത് പ്രതിരോധത്തിന്റെ കരുത്താണെന്നും സംസ്ഥാന സെക്രട്ടറിയായി എം സ്വരാജും, ജില്ലാ സെക്രട്ടറിയായി പി ജയരാജനും വരണമെന്നാണ് പോസ്റ്ററിലുള്ളത്.

താഴെത്തട്ടിലേക്ക് ഇറങ്ങി പാര്‍ട്ടി അംഗങ്ങളെ കേള്‍ക്കുന്നതിനും മുന്‍പ് കണ്ണൂരിലെ പ്രശ്‌നം പ്രത്യേകമായി പരിഹരിക്കേണ്ട അവസ്ഥയിലാണ് സിപിഐഎം. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരുമെന്ന് മുന്നണിയില്‍ ഏറ്റവും ആത്മവിശ്വാസം പ്രകടിപ്പിച്ചത് പിണറായി വിജയനായിരുന്നു. എന്നാല്‍ കനത്ത തോല്‍വി ഉണ്ടായി നാലാം ദിവസത്തിലും ഒരു വരി പരാമര്‍ശമില്ല എന്ന് മാധ്യമങ്ങളെ കാണുമെന്ന് വ്യക്തമാക്കിയിട്ടുമില്ല.

SCROLL FOR NEXT