തിരുവനന്തപുരം: സംസ്ഥാനത്ത് അതിദരിദ്രർ ഇല്ലാതായതിന് കാരണം തുടർഭരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് സർക്കാരുകൾ നാടിനെ അധോഗതിയിലേക്കാണ് കൊണ്ടുപോയത്. ഉമ്മൻചാണ്ടി സർക്കാർ എല്ലാ മേഖലകളിലും പിന്നോട്ട് പോയി. എൽഡിഎഫ് തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ തുടരാൻ യുഡിഎഫ് സർക്കാരുകൾക്ക് കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രിയുടെ വിമർശനം.
2016ൽ സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ ആദ്യം പരിശോധിച്ചത് പെൻഷൻ കുടിശിക എത്രയുണ്ട് എന്നായിരുന്നു. പിന്നീട് തുടർഭരണം ലഭിച്ചപ്പോഴും സർക്കാർ പല നേട്ടങ്ങളും കൈവരിച്ചു. 2021ൽ എൽഡിഎഫ് അല്ല യുഡിഎഫ് ആണ് വന്നതെങ്കിൽ എല്ലാ നേട്ടങ്ങളും പിറകോട്ട് പോകുമായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളം ആരോഗ്യരംഗത്ത് ലോക രാജ്യങ്ങളെക്കാൾ മുൻപിലാണെന്നും ശിശുമരണ നിരക്ക് അമേരിക്കയേക്കാൾ കുറവാണെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.
അതേസമയം, വിഷയത്തിൽ മാധ്യമങ്ങൾക്ക് വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രംഗത്തെത്തി. സംസ്ഥാനത്തെ അതിദാരിദ്ര്യ വിമുക്തമായി സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ അവിടെയും ഇവിടെയും ദരിദ്രർ ഉണ്ടെന്നാണ് മാധ്യമങ്ങളുടെ കുറ്റപ്പെടുത്തലൽ. അതിദരിദ്രർ ബാക്കിയുണ്ടെങ്കിൽ ചൂണ്ടിക്കാട്ടണമെന്നും കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. അതിദാരിദ്ര്യം മാത്രമാണ് മാറിയതെന്നും ദാരിദ്ര്യം ഇപ്പോഴും സമൂഹത്തിൽ ഉണ്ടെന്നും വിശദീകരണം.