സിജെപി പ്രക്ഷോഭത്തെ പിന്തുണച്ചവർക്കെതിരായ കേസുകൾ പിൻവലിക്കാത്ത സതീശൻ സർക്കാരിനെ വെട്ടിലാക്കി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേസ് റദ്ദാക്കാൻ മുഖ്യമന്ത്രിയോട് നിർദേശിക്കണം എന്നാവശ്യപ്പെട്ട് പിണറായി വിജയന്‍ അഖിലേന്ത്യ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ചു. നീറ്റ് പ്രക്ഷോഭത്തിൽ ഇതുവരെ അയ്യായിരത്തോളം പേർക്കെതിരെയാണ് കേരളത്തിൽ കേസെടുത്തത്. ഇക്കാര്യത്തില്‍ കൃത്യമായൊരു നിലപാട് മുഖ്യമന്ത്രി വി.ഡി. സതീശന്‍ സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ നീക്കം.
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടന്ന വിദ്യാർഥി പ്രതിഷേധങ്ങളെ വേട്ടയാടിയതിന് സുപ്രീം കോടതി നോട്ടീസയച്ച എട്ടു സംസ്ഥാനങ്ങളിൽ കേരളവുമുണ്ട് എന്നത് ആശങ്കയോടെ മാത്രമേ കാണാൻ കഴിയൂ. ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, അസം, മധ്യപ്രദേശ്, ഡൽഹി എന്നീ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കൊപ്പമാണ് കേരളവും ഇടംപിടിച്ചത്. ബിജെപി ഭരണത്തിലുള്ള മറ്റ് 13 സംസ്ഥാനങ്ങളും രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളും കാണിക്കാത്ത ഉത്സാഹമാണ് കേന്ദ്ര സർക്കാരിനെതിരെ നിലകൊണ്ട വിദ്യാർഥികളെ വേട്ടയാടുന്ന കാര്യത്തിൽ കേരളത്തിലെ യുഡിഎഫ് സർക്കാർ കാട്ടിയതെന്ന് പിണറായി വിജയന്‍ ആരോപിക്കുന്നു.
വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് എടുത്ത മുഴുവൻ കേസുകളും നിരുപാധികം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് കത്ത് നൽകിയിരുന്നു. കേസ് പിൻവലിക്കുമോ എന്നതിൽ നയപരമായ തീരുമാനം കൈകൊള്ളേണ്ടത് മുഖ്യമന്ത്രിയാണ്. പക്ഷേ, ഇത്തരമൊരു പൊതു പ്രാധാന്യമുള്ള വിഷയത്തിൻമേൽ തങ്ങളുടെ നിലപാട് എന്താണെന്ന് പറയാതെ പ്രതിപക്ഷ നേതാവിന്റെ കത്ത് ആഭ്യന്തര വകുപ്പിന് കൈമാറി എന്ന ഒഴുക്കൻ മട്ടിലുള്ള വിശദീകരണമാണ് ഇന്നത്തെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി നൽകിയതെന്ന കാര്യവും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ യുഡിഎഫ് സർക്കാർ ഈ വിഷയത്തിൽ സ്വീകരിച്ച അധാർമ്മിക നിലപാട് കോൺഗ്രസ് പാർട്ടിയുടെ അഖിലേന്ത്യാ നേതൃത്വത്തിൻ്റെ ശ്രദ്ധയിൽ പെടുത്തുന്നതിന്റെ ഭാഗമായാണ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്ത് അയച്ചതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. രാഹുൽ ഗാന്ധി അടക്കമുള്ള നേതൃത്വം ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർഥികളെ പിന്തുണയ്‌ക്കുമ്പോള്‍, അതേ സമരത്തെ പിന്തുണച്ച് പ്രതിഷേധിച്ചവരെ കേരളത്തിലെ കോൺഗ്രസ് നയിക്കുന്ന സർക്കാർ കുറ്റവാളികളായി മുദ്രകുത്തുന്നതിലെ ഔചിത്യമില്ലായ്മയാണ് കത്തിൽ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ എ.എ. റഹീം എം.പിയും വി.ഡി. സതീശന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. നീറ്റ് പ്രക്ഷോഭത്തിൻ്റെ ഭാഗമായി രജിസ്റ്റർ ചെയ്ത കേസുകൾ സംബന്ധിച്ച് സുപ്രീം കോടതിയുടെ നോട്ടീസ് ലഭിച്ച ഏഴിൽ ആറ് സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപിയാണ്. സുപ്രീം കോടതിയുടെ നോട്ടീസ് ലഭിച്ച ഒരേയൊരു ബിജെപി ഇതര സംസ്ഥാനത്തിന്റെ പേരാണ് കേരളം. ഇതാണ് ഇരട്ടത്താപ്പ് വിസ്മയമെന്നും റഹിം ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു. അഴകിയ രാവണനിലെ ശ്രീനിവാസൻ ഡയലോഗ് പോലെയാണ് കോൺഗ്രസിലെ കാര്യങ്ങൾ. ഡൽഹി പൊലീസ് നടപടികൾക്കെതിരെ രാഹുലും, പ്രിയങ്കയും പ്രതിഷേധിക്കുമ്പോൾ കേരളത്തിൽ വിഡിയും, ആർസിയും സമരക്കാർക്കെതിരെ കേസെടുത്തു സംഘപരിവാറിന്റെ താല്പര്യം സംരക്ഷിക്കുന്നുവെന്നും റഹിം കുറ്റപ്പെടുത്തി.