

പാര്‍ലമെന്റില്‍ സംസാരിക്കാന്‍ മാപ്പ് പറയണമെന്ന സ്പീക്കറുടെ നിര്‍ദേശത്തിന് രാഹുല്‍ ഗാന്ധിയുടെ മറുപടി. ആര്‍എസ്എസിനോടോ, ബിജെപിയോടോ, മറ്റാരോടെങ്കിലുമോ മാപ്പ് പറയില്ലെന്ന് രാഹുല്‍ വ്യക്തമാക്കി. പൊലീസ് അതിക്രമത്തെക്കുറിച്ച് സഭയില്‍ സംസാരിക്കാന്‍ ആഗ്രഹിച്ചു. സംസാരിക്കാനുള്ള അവസരത്തിനായി നിരവധി തവണ സ്പീക്കറോട് അഭ്യര്‍ഥിച്ചു. എന്നാല്‍ അവസരം നിഷേധിക്കപ്പെട്ടു. ഡല്‍ഹിയിലെ പൊലീസ് ക്രൂരതയുടെ ഉത്തരവാദിയായ ആഭ്യന്തര മന്ത്രി അമിത് ഷായെ പുറത്താക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.
ഡല്‍ഹിയില്‍ പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വാര്‍ത്താസമ്മേളനം. ആഭ്യന്തര മന്ത്രിയുടെ ഉത്തരവില്ലാതെ ഇത്തരമൊരു ആക്രമണം സേന നടത്തില്ല. ഞങ്ങളും ഭരണത്തിലിരുന്നവവരാണ്. ആഭ്യന്തര മന്ത്രിയുടേയോ പ്രധാനമന്ത്രിയുടേയോ ഉത്തരവില്ലാത്ത ആര്‍ക്കും മാരകമായ ബലപ്രയോഗം നടത്താനാകില്ലെന്ന് ഞങ്ങള്‍ക്കറിയാം. ജൂലൈ 20ന് നടന്ന പാര്‍ലമെന്റ് മാര്‍ച്ചിനിടെ പൊലീസ് വിദ്യാര്‍ഥികളെ ക്രൂരമായി തല്ലച്ചതച്ചു. ഒരു പൊലീസ് ഓഫീസര്‍ പെണ്‍കുട്ടിയെ തല്ലിയെന്നും രാഹുല്‍ പറഞ്ഞു.
ഡല്‍ഹിയിലെ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരായ ആരോപണങ്ങള്‍ രാഹുല്‍ ആവര്‍ത്തിച്ചു. പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ മാരക ആക്രമണത്തിന് സേനയോട് ഉത്തരവിട്ടത് ആഭ്യന്തര മന്ത്രി അമിത് ഷായാണ്. അമിത് ഷാ ഫോണില്‍ പൊലീസിനോട് സംസാരിക്കുന്നത് കണ്ടിരുന്നു. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങിനും ഒന്നിനു പിറകെ ഒന്നായി ഫോണുകള്‍ വന്നുകൊണ്ടിരുന്നു. പാര്‍ലമെന്റിനു സമീപം തെരുവില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിനെക്കുറിച്ച് ഇവര്‍ക്കെല്ലാം അറിവുണ്ടായിരുന്നു.
ജൂലൈ 25ന് രണ്ട് ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് അമിത് ഷായ്ക്ക് കത്തെഴുതി. പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കാൻ ആരാണ് അനുമതി നല്‍കിയത്? വിദ്യാര്‍ഥികളുടെ പ്രതിഷേധസ്ഥലത്ത് യൂണിഫോം ഇല്ലാത്ത ഓഫീസര്‍മാരായി ചമഞ്ഞത് ആരായിരുന്നു? ഈ ചോദ്യങ്ങള്‍ക്കൊന്നും മറുപടി കിട്ടിയിട്ടില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.