കെ.ടി. ജലീല്‍, പി.കെ. ഫിറോസ് Source: Facebook
KERALA

"കെ.ടി. ജലീലിനെ കണ്ടവരുണ്ടോ? മുസ്ലീം ലീഗ്... ദോത്തി ചലഞ്ച് എന്നൊക്കെ ഇടക്ക് വിളിച്ചു പറയും"; പരിഹസിച്ച് പി.കെ. ഫിറോസ്

സ്വജന പക്ഷപാതം നടത്തിയതിന്റെ പേരില്‍ മന്ത്രിസ്ഥാനത്ത് നിന്ന് രാജി വയ്‌ക്കേണ്ടി വന്നതിന്റെ പകയും നിരാശയും മുഖത്ത് കാണാമെന്നും ഫിറോസ് വിമർശിച്ചു.

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: കെ.ടി. ജലീലിനെ പരിഹസിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. കെ.ടി. ജലീലിനെ കണ്ടവരുണ്ടോ എന്ന് ചോദിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരിഹാസം. ഒരു പത്രസമ്മേളനം നടത്തിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മറുപടി പത്രസമ്മേളനം നടത്തിയിരുന്ന, ഫേസ്ബുക്കില്‍ പോസ്റ്റിട്ടാല്‍ മിനുറ്റുകള്‍ക്കുള്ളില്‍ മറുപടി നല്‍കിയിരുന്ന ഒരാളെ ഇന്നലെ മുതല്‍ കാണാനില്ല. മലയാള സര്‍വകലാശാലയുടെ ഭൂമിതട്ടിപ്പില്‍ നേരിട്ട് ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്ത് വന്നതിന് ശേഷമാണ് ആളെ കാണാതായതെന്നാണ് ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മുസ്ലീം ലീഗ്, ദോത്തി ചലഞ്ച്, ദുബായ് ദുബായ് എന്നിങ്ങനെ ഇടക്ക് വിളിച്ചു പറയും, അതാണ് കണ്ടു പിടിക്കാനുള്ള അടയാളങ്ങള്‍ എന്നും സ്വജനപക്ഷപാതം നടത്തിയതിന്റെ പേരില്‍ മന്ത്രി സ്ഥാനത്ത് നിന്ന് രാജി വെക്കേണ്ടി വന്നതിന്റെ പകയും നിരാശയും മുഖത്ത് കാണാമെന്നും ഫിറോസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

പിടിക്കപ്പെടുമെന്നുറപ്പായാല്‍ ഖുര്‍ആന്‍ ഉയര്‍ത്തിക്കാണിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കും. കണ്ടെത്തുന്നവര്‍ ഉടനെ അറിയിക്കുക. മകനേ മടങ്ങി വരൂ, എല്ലാവരും കാത്തിരിക്കുകയാണെന്നും ഫിറോസ് കുറിച്ചു.

പി.കെ. ഫിറോസിനെതിരെ അനധികൃത സ്വത്ത് സമ്പാദനമടക്കം ഗുരുതരമായ ആരോപണങ്ങളാണ് കെ.ടി. ജലീല്‍ കഴിഞ്ഞ ദിവസങ്ങളിലായി ഉന്നയിച്ചിരുന്നത്. ഇതിന് പിന്നാലെ മലയാള സര്‍വകലാശാല ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് മന്ത്രിയായിരിക്കെ കെ.ടി. ജലീല്‍ അനധികൃതമായി ഇടപെട്ടെന്ന സംഭവത്തില്‍ തെളിവുകള്‍ പുറത്തുവരുമെന്ന ഭയത്തിലാണ് കെ.ടി. ജലീല്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു ഫിറോസിന്റെ മറുപടി.

കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ട ഫിറോസ്, മലയാള സര്‍വകലാശാല ഭൂമി ഏറ്റെടുക്കല്‍ ഇടപാടില്‍ കെ.ടി. ജലീലിന് നേരിട്ട് പങ്കുള്ളതായി തെളിയിക്കുന്ന രേഖകള്‍ പുറത്തുവിട്ടിരുന്നു. 2017ല്‍ നിര്‍ത്തിവെച്ച ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ കെ.ടി. ജലീല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് പുനരാരംഭിച്ചതെന്നും പികെ ഫിറോസ് പറഞ്ഞിരുന്നു.

ഭൂമി ഏറ്റെടുക്കലില്‍ 15 കോടിയുടെ അഴിമതി നടന്നുവെന്ന് പി.കെ. ഫിറോസ് ആരോപിച്ചു. കള്ള പണം വെളുപ്പിക്കല്‍ നടന്നു. ആകെ രണ്ടര കോടി രൂപയാണ് ഉടമകള്‍ക്ക് കൊടുത്തതെന്നും ഫിറോസ് പറഞ്ഞു.

യുഡിഎഫ് ഭരണകാലത്ത് ഭൂമി ഏറ്റെടുക്കാന്‍ കൃഷിവകുപ്പ് അനുമതി നല്‍കി എന്ന വാദവും വെട്ടം വില്ലേജില്‍ 25 കോടി അനുവദിച്ചു എന്ന വാദവും തെറ്റാണെന്ന് ഫിറോസ് പറഞ്ഞു. ആ കാലത്ത് നയപരമായ ഒരു തീരുമാനവും എടുത്തില്ല. പ്രെപ്പോസല്‍ അയച്ചിരുന്നു. 2016 ജൂണ്‍ 23ന് ആണ് സര്‍ക്കാരിന് അത് ലഭിക്കുന്നത്. അന്ന് ഭരിക്കുന്നത് യുഡിഎഫ് അല്ല. മലയാള സര്‍വകലാശാല യുഡിഎഫ് കൊണ്ടുവന്നതാണെന്നും ജലീലും 'കുറുവാ സംഘവും' അതിന്റെ ക്രഡിറ്റ് ഏറ്റെടുക്കാന്‍ വേണ്ടി ശ്രമിക്കുന്നുവെന്നും ഫിറോസ് ആരോപിച്ചു.

യുഡിഎഫ് സര്‍ക്കാര്‍ കാലത്ത് 100 ഏക്കര്‍ ആതവനാട് വില്ലേജില്‍ ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവ് ഇറങ്ങിയിരുന്നു. ആതവനാട് ഭൂമി ഏറ്റെടുക്കാനുള്ള ശ്രമം തടഞ്ഞത് ഈ 'കുറുവാ സംഘ'മാണ്. 2017ല്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന രവീന്ദ്രനാഥ് ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവച്ചിരുന്നു. ഇതിനെ അട്ടിമറിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ജലീല്‍ എത്തി. ഈ ഭൂമിക്കൊള്ളയ്ക്ക് കളമൊരുക്കാനായിരുന്നു അത്. ആതവനാട്ടെ ഭൂമി ഏറ്റെടുക്കണമെന്ന പരാതിയില്‍ കോടതി ഇടപെട്ടു. അന്ന് മന്ത്രിയായ കെ.ടി. ജലീല്‍ ഇതിനെതിരെ അപ്പീല്‍ പോയി. ഇത് ആരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണെന്നും ഫിറോസ് ചോദിച്ചു. കെ.ടി. ജലീലിനെതിരെ വിജിലന്‍സ് അന്വേഷണം വേണം. അബ്ദുറഹിമാന്റെ ബന്ധുവിന്റെ പങ്ക് അന്വേഷിക്കണമെന്നും യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കണ്ടവരുണ്ടോ?

ഞാന്‍ ഒരു പത്രസമ്മേളനം നടത്തിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മറുപടി പത്രസമ്മേളനം നടത്തിയിരുന്ന, ഫെയിസ്ബുക്കില്‍ പോസ്റ്റിട്ടാല്‍ മിനുറ്റുകള്‍ക്കുള്ളില്‍ മറുപടി നല്‍കിയിരുന്ന ഒരാളെ ഇന്നലെ മുതല്‍ കാണാനില്ല. മലയാളം സര്‍വകലാശാലയുടെ ഭൂമിതട്ടിപ്പില്‍ നേരിട്ട് ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്ത് വന്നതിന് ശേഷമാണ് ആളെ കാണാതായത്.

കണ്ട് പിടിക്കാനുള്ള അടയാളങ്ങള്‍; മുസ്ലിം ലീഗ്, ദോത്തി ചലഞ്ച്, ദുബായ് ദുബായ് എന്നിങ്ങനെ ഇടക്കിടെ വിളിച്ചു പറയും. പോരാത്തതിന് സ്വജനപക്ഷപാതം നടത്തിയതിന്റെ പേരില്‍ മന്ത്രി സ്ഥാനത്ത് നിന്ന് രാജി വെക്കേണ്ടി വന്നതിന്റെ പകയും നിരാശയും മുഖത്ത് കാണാം. പിടിക്കപ്പെടുമെന്നുറപ്പായാല്‍ ഖുര്‍ആന്‍ ഉയര്‍ത്തിക്കാണിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കും. കണ്ടെത്തുന്നവര്‍ ഉടനെ അറിയിക്കുക.

മകനേ തിരിച്ചു വരൂ. എല്ലാവരും കാത്തിരിക്കുകയാണ്.

SCROLL FOR NEXT