കെ.ടി. ജലീല്‍, പി.കെ. ഫിറോസ് 
KERALA

ബിസിനസ് ചെയ്യുന്നതില്‍ അഭിമാനം മാത്രം, ജലീലിന് മന്ത്രിയായിരുന്ന കാലത്തെ അഴിമതി പുറത്തുവരുമോ എന്ന വെപ്രാളം; പി.കെ. ഫിറോസ്

"കമ്പനി റിവേഴ്‌സ് ഹവാലയാണ് നടത്തുന്നതെന്നത് ഗുരുതര ആരോപണമാണ്. ഏത് അക്കൗണ്ടുകളും പരിശോധിക്കട്ടെ"

Author : ന്യൂസ് ഡെസ്ക്

കെ.ടി. ജലീലിന്റെ റിവേഴ്‌സ് ഹവാല ആരോപണങ്ങള്‍ക്ക് മറുപടിയുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. കെ.ടി. ജലീല്‍ നിരന്തരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ബന്ധു നിയമനം കയ്യോടെ യൂത്ത് ലീഗ് പിടിച്ചപ്പോള്‍ നാണം കെട്ട് അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നു. അതിന്റെ പക മാത്രമല്ല ഇപ്പോഴുള്ള ആരോപണങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം മന്ത്രിയായിരുന്ന കാലത്തെ വലിയ ഒരു അഴിമതി പുറത്തുവരാന്‍ പോകുന്നതിന്റെ വെപ്രാളമാണ് ജലീലിനെന്നും പി.കെ. ഫിറോസ് പറഞ്ഞു.

ഞാന്‍ ബിസിനസ് ചെയ്യുന്ന ആളാണ്. തൊഴില്‍ ചെയ്യുന്ന ആളാണ്. അതില്‍ അഭിമാനിക്കുന്നു. കെ.ടി. ജലീലിനോട് പറയാനുള്ളത് നിങ്ങളും ബിസിനസ് ചെയ്യണം എന്നാണ്. രാഷ്ട്രീയം ഉപജീവന മാര്‍ഗം ആക്കരുത്. ബിസിനസില്‍ രാഷ്ട്രീയം പാടില്ലല്ലോ. കൊപ്പത്തെ കടയുടെ ഉദ്ഘാടകനെ അടക്കം നേരിട്ട് വിളിച്ചത് താന്‍ ആണ്. അഷ്‌റഫ് അടുത്ത സുഹൃത്ത് ആണെന്നും ഫിറോസ് പറഞ്ഞു.

റിവേഴ്‌സ് ഹവാല എന്ന ആരോപണം അദ്ദേഹത്തിന് തന്നെ ഉറപ്പില്ല. റിവേഴ്‌സ് ഹവാല ഉണ്ട് എന്നല്ലല്ലോ. ഉണ്ടോ എന്നല്ലേ ജലീല്‍ ചോദിക്കുന്നത്. മലയാള സര്‍വകലാശാല ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വലിയ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. അതിന്റെ അഴിമതിയില്‍ ജലീലിന് നേരിട്ട് പങ്കുണ്ട് എന്ന് എനിക്ക് മനസിലായെന്ന് തിരിച്ചറിഞ്ഞ ഘട്ടത്തിലാണ് അദ്ദേഹം വെപ്രാളപ്പെടാന്‍ തുടങ്ങിയത്.

മലയാള സര്‍വകലാശാല ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട അഴിമതിയുടെ തെളിവുകള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവരും. ജലീലിന് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന തെളിവുകള്‍ തന്നെ പുറത്തുവരും. അദ്ദേഹം തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരുമെന്നും ഫിറോസ് പറഞ്ഞു.

ഖുര്‍ ആന്‍ ഉയര്‍ത്തിക്കാട്ടി സത്യം ചെയ്യേണ്ട സ്ഥിതി തനിക്കില്ല. പറയുന്നതില്‍ വിശ്വാസക്കുറവ് ഉള്ളതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. തന്റെ ബിസിനസുകള്‍ ഒന്നും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതല്ല. കമ്പനി റിവേഴ്‌സ് ഹവാലയാണ് നടത്തുന്നതെന്നത് ഗുരുതര ആരോപണമാണ്. ഏത് അക്കൗണ്ടുകളും പരിശോധിക്കട്ടെ. കമ്പനി ഫുഡ് ട്രെഡിങ് കമ്പനിയാണ്. പാര്‍ട്ടിയുടെ അറിവോടെയാണ് ബിസിനസുകള്‍ നടത്തുന്നതെന്നും ഫിറോസ് പറഞ്ഞു.

SCROLL FOR NEXT