പി.കെ. കുഞ്ഞാലിക്കുട്ടി 
KERALA

കോൺഗ്രസ് 'പെർഫെക്ടായി' കാര്യങ്ങൾ ചെയ്യും, വയനാട് ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് പ്രഖ്യാപിച്ച വീടുകൾ ഫെബ്രുവരി 28ന് കൈമാറും: പി.കെ. കുഞ്ഞാലിക്കുട്ടി

മുസ്ലീം ലീഗ് പ്രഖ്യാപിച്ച വീടുകളുടെ ആദ്യഘട്ടം ഫെബ്രുവരി 28ന് പൂർത്തിയാകുമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന

Author : പ്രണീത എന്‍.ഇ

വയനാട്: ദുരന്തബാധിതർക്കുള്ള പുനരധിവാസവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് പ്രഖ്യാപിച്ച വീടുകളുടെ ആദ്യഘട്ടം ഫെബ്രുവരി 28ന് പൂർത്തിയാകുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ. പദ്ധതി സമയബന്ധിതമായി തന്നെ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിച്ചെന്നും, വാഗ്ദാനം പാലിക്കപ്പെടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വയനാട് പുനരധിവാസത്തിൽ യുഡിഎഫ് പാഴ്വാക്ക് നൽകിയെന്ന വിമർശനം ശക്തമാകവേയാണ് ലീഗ് നേതാവിന്റെ പ്രതികരണം.

ഉപ മുഖ്യമന്ത്രി വിവാദത്തിലും പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ലീഗ് അത്തരത്തിലൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും ഇങ്ങനെ ഒന്നും പറഞ്ഞിട്ടില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇടതുപക്ഷമാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ പറയുന്നത്. ആദ്യം സ്ഥാനാർഥികളെ തീരുമാനിച്ചത് കോൺഗ്രസ്സാണ്. ഇടതുപക്ഷത്തിന്റെ എല്ലാ ദുഷ്പ്രചരണങ്ങളെയും തകർത്ത് അവിശ്വസനീയമായ രീതിയിൽ കോർപ്പറേഷനുകൾ പിടിച്ചു. കോൺഗ്രസ് പെർഫെക്റ്റ് ആയി കാര്യങ്ങൾ ചെയ്യുമെന്നും എംഎൽഎ പറഞ്ഞു.

അതേസമയം വെള്ളാപ്പള്ളി നടേശൻ്റെ പരാമർശങ്ങൾ അവഗണിക്കാനാണ് തീരുമാനമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മറുപടി അർഹിക്കാത്ത കാര്യങ്ങളാണ് വെള്ളാപ്പള്ളി പറഞ്ഞത്. അക്കാര്യം ജനം തന്നെ തെളിയിച്ച് കഴിഞ്ഞു. വിഷയത്തിൽ ഇനി പ്രതികരിക്കേണ്ട കാര്യമില്ല. ഇന്ന് കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാക്കിക്കൊണ്ട് യുഡിഎഫിന്റെ മാനിഫെസ്റ്റോ ഉടൻ പുറത്തുവരും. ജനങ്ങളുടെ ശ്രദ്ധ തിരിയേണ്ടത് അതിലേക്കാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

SCROLL FOR NEXT