പി.കെ. ശശി Source: Facebook/ P.K. Sasi
KERALA

സിപിഐഎമ്മിലുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല; കോൺഗ്രസിലേക്കെന്ന അഭ്യൂഹങ്ങൾ തള്ളി പി.കെ ശശി

സിപിഐഎം പ്രവർത്തകനായ തന്നോട് സിപിഐഎമ്മിലുണ്ടോയെന്ന് ചോദിക്കുന്നത് ശരിയല്ല.

Author : ന്യൂസ് ഡെസ്ക്

കോൺഗ്രസിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി പി.കെ. ശശി. സിപിഐഎം പ്രവർത്തകനായ തന്നോട് സിപിഐഎമ്മിലുണ്ടോയെന്ന് ചോദിക്കുന്നത് ശരിയല്ല. എതെങ്കിലും ആപ്പയോ ഊപ്പയോ പറയുന്നത് കേൾക്കേണ്ട കാര്യമില്ലെന്നായിരുന്നു സിപിഐഎം പ്രാദേശിക നേതൃത്വത്തിലെ ഒരു ഭാഗത്തിനെതിരെ ശശിയുടെ ഒളിയമ്പ്. അതേസമയം കോൺഗ്രസിൽ വരാൻ പി.കെ. ശശിക്ക് അയോഗ്യത ഇല്ലെന്ന് തുറന്ന് പറഞ്ഞ് വി.കെ. ശ്രീകണ്ഠൻ എംപിയും രംഗത്തെത്തി.

നേരത്തെ തന്നെ പി.കെ. ശശിയെ കോൺഗ്രസിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നേതാക്കൾ നടത്തിയിരുന്നു. എന്നാൽ അന്ന് ചർച്ചകൾ ഫലം കണ്ടില്ല. ഇതിനിടയിലാണ് യുഡിഎഫ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയുടെ ആയുർവേദ ഡിസ്‌പെൻസറി ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി പി.കെ. ശശി വരുന്നതിൽ സിപിഐഎമ്മിലെ ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചത്. പിന്നാലെ പരിപാടിയിൽ മുഖ്യ അതിഥിയായെത്തി എതിർപ്പ് പ്രകടിപ്പിച്ചവർക്കെതിരെ പേര് പറയാതെ രൂക്ഷവിമർശനവും ശശി ഉന്നയിച്ചിരുന്നു.

പരിപാടിക്ക് പിന്നാലെ ശശി കോൺഗ്രസിലേക്ക് എന്ന പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ ശക്തമാണ്. എന്നാൽ ആരോപണങ്ങൾ നിഷേധിക്കുകയാണ് പി.കെ. ശശി. സൈബർ ആക്രമണം നടത്തുന്നവരാണ് കോൺഗ്രസിലേക്ക് പോകുന്നുവെന്ന പ്രചാരണം നടത്തുന്നതെന്നും എതെങ്കിലും ആപ്പയോ ഊപ്പയോ പറയുന്നത് കേൾക്കേണ്ട കാര്യമില്ലെന്നുമാണ് ശശിയുടെ ഒളിയമ്പ്. താൻ കോൺഗ്രസിലേക്ക് വരണമെന്ന് കോൺഗ്രസ് നേതാക്കൾക്ക് ആഗ്രഹം ഉണ്ടാകാമെന്നും എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളുമായും നല്ല ബന്ധമുണ്ടെന്നും പി.കെ. ശശി പറഞ്ഞു.

അതേസമയം ശശിക്കായി കോൺഗ്രസ് വാതിലുകൾ തുറന്നിട്ടു കഴിഞ്ഞു. പി.കെ. ശശിക്ക് കോൺഗ്രസിൽ വരാൻ അയോഗ്യത ഇല്ലെന്നും സിപിഐഎമ്മിൽ ഉണ്ടായ ആഭ്യന്തര പ്രശ്നങ്ങൾ തങ്ങളുടെ പ്രശ്നമല്ലെന്നും വി.കെ. ശ്രീകണ്ഠൻ എംപി പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശശിയെ പാർട്ടിയിൽ എത്തിച്ച് ജില്ലയിൽ മുന്നേറ്റം ഉണ്ടാക്കുക എന്നുള്ളതാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

യുഡിഎഫ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയുടെ ആയുർവേദ ഡിസ്‌പെൻസറി ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി എത്തിയതായിരുന്നു പി.കെ. ശശി. സർക്കാർ പ്രതിനിധിയായി ശശിയെ ക്ഷണിച്ചതിൽ ഒരു വിഭാഗം സിപിഐഎം പ്രാദേശിക നേതൃത്വത്തിന് എതിർപ്പുണ്ടായിരുന്നു. കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ബിലാല് പഴയ ബിലാൽ തന്നെ ആണെന്നും പറഞ്ഞ് സിപിഐഎം പ്രാദേശിക നേതൃത്വത്തിനെതിരെയായിരുന്നു ശശി പ്രസംഗം നടത്തിയത്.

SCROLL FOR NEXT