തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പിഎസ്‌സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിച്ച് കേരള പബ്ലിക് സര്‍വീസ് കമ്മീഷൻ. അഭ്യന്തര വിജിലന്‍സ് അന്വേഷണം പിഎസ്‌സി ചെയര്‍മാന്‍ മരവിപ്പിച്ചു. പകരം പരീക്ഷാ കൺട്രോളറും പിഎസ്‌സിയുടെ ഇൻ്റേണൽ വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറുമായ ബിനി കെ. എബ്രഹാമിന് അന്വേഷണ ചുമതല കൈമാറി ചെയർമാൻ എം.ആർ. ബൈജു ഉത്തരവിറക്കിയിട്ടുണ്ട്.
ആസൂത്രണ ബോർഡിലെ സുപ്രധാന തസ്തികകളിലേക്കുള്ള നിയമന പരീക്ഷാ മൂല്യനിർണയത്തിൽ വന്‍ അട്ടിമറി നടന്നുവെന്നാണ് ആരോപണം. 100 മാര്‍ക്കിനുള്ള പരീക്ഷയില്‍ 58 മാര്‍ക്കിനുള്ള ഉത്തരങ്ങളും പിഎസ്‌സി പരിശോധിച്ചില്ല. 228 ഉദ്യോഗാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തിയത് ഓണ്‍ സ്ക്രീന്‍ മാര്‍ക്കിങ് വഴിയാണെന്നും ആരോപണം ഉയർന്നു.
ഉദ്യോഗാർഥികൾ അപേക്ഷ നൽകി ഉത്തരക്കടലാസിൻ്റെ പകർപ്പ് എടുത്തതോടെയാണ് ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടത്. പരീക്ഷയെഴുതിയ പലരുടെയും 10 ഉത്തരങ്ങൾ പരിശോധിച്ചിട്ടില്ലെന്നാണ് വിവരം. ആസൂത്രണ ബോര്‍ഡ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം ചീഫ്, പേഴ്‌സ്‌പെക്ടീവ് പ്ലാനിങ് ഡിവിഷന്‍ ചീഫ്, പ്ലാനിങ് കോ-ഓര്‍ഡിനേഷന്‍ ഡിവിഷന്‍ ചീഫ് എന്നീ തസ്തികകളിലെ പരീക്ഷാ ഫലത്തിലാണ് ക്രമക്കേട് നടന്നത്.
ഓൺ സ്ക്രീൻ മാർക്കിങ്ങിൽ 9 മുതൽ 18 വരെയുള്ള ചോദ്യങ്ങളാണ് ഒഴിവാക്കിയത്. 2023 ജൂലൈ 13നായിരുന്നു പൊതുപ്രാഥമിക പരീക്ഷ നടന്നത്. 2025 മെയ് 31നാണ് പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.