

തിരുവനന്തപുരം: സംസ്ഥാനത്ത് പട്ടികജാതി വിഭാഗത്തിൻ്റെ ക്ഷേമത്തിനും ഉന്നമനത്തിനുമായി അനുവദിച്ച 1,702 കോടി രൂപ ഇടത് സർക്കാര്‍ പാഴാക്കിയെന്ന് റിപ്പോർട്ട്. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിൻ്റെ ഓഡിറ്റ് റിപ്പോർട്ടിലാണ് മുന്‍ സര്‍ക്കാറിൻ്റെ കാലത്ത് പട്ടികജാതി വകുപ്പില്‍ നടന്ന ഗുരുതര വീഴ്ചകൾ അക്കമിട്ട് നിരത്തുന്നത്.
ഫണ്ട് വിനിയോഗിക്കുന്നതിൽ വലിയ വീഴ്ചയാണ് വകുപ്പിന് സംഭവിച്ചത്. വ്യാജ ജാതി സർട്ടിഫിക്കറ്റ് സംബന്ധിച്ച നിരവധി കേസുകളിൽ നടപടികൾ ഇഴഞ്ഞു നീങ്ങുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
2024 ഫെബ്രുവരി ഒന്ന് മുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിലെ പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പിൻ്റെ കണക്കുകളിലാണ് ഗുരുതരമായ കണ്ടെത്തലുകൾ. വകുപ്പിന് കീഴിലുള്ള ഫണ്ട് വിനിയോഗത്തിൽ വലിയ തോതിലുള്ള വീഴ്ചകളാണ് സംഭവിച്ചിരിക്കുന്നതെന്ന് സി ആന്‍ഡ് എജി ഓഡിറ്റില്‍ കുറ്റപ്പെടുത്തുന്നു.
എസ്‌സിസിഎസ്പി ഫണ്ടുകൾ വകമാറ്റാനോ പാഴാക്കാനോ പാടില്ലെന്ന 2006 ലെ കേന്ദ്ര മാർഗ്ഗനിർദ്ദേശം നിലനിൽക്കെ മൂന്നുവര്‍ഷം കൊണ്ട് 1702 കോടി രൂപയാണ് ചിലവാക്കാതെ വകുപ്പ് പാഴാക്കിയത്. 2021-22 സാമ്പത്തിക വർഷം 358.72 കോടിയും, 2022-23 ൽ 556.75 കോടിയും സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയില്ല. 2023-24 ലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇത് 786.54 കോടി രൂപയായി വർധിച്ചതായും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
വ്യാജ ജാതി സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട കേസുകളിലെ ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കാണ് മറ്റൊരു പ്രധാന കണ്ടെത്തൽ. കിർത്താഡ്സിൻ്റെ അന്വേഷണ റിപ്പോർട്ട് കാത്ത് 80 കേസുകളാണ് പട്ടികജാതി പട്ടിക വര്‍ഗ വകുപ്പിൽ കെട്ടിക്കിടക്കുന്നത്.
ഇതിൽ 30 കേസുകൾ 2019 ന് മുൻപുള്ളതാണ്. ഇത്തരം കേസുകളിലെ കാലതാമസം അനർഹരായവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും അർഹരായവർക്ക് അത് നിഷേധിക്കപ്പെടുന്നതിനും കാരണമാകുന്നുണ്ടെന്ന് ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ കാലയളവിൽ വകുപ്പിൽ ഇൻ്റേണൽ ഓഡിറ്റ് നടന്നിട്ടില്ലെന്നും, ഗവൺമെൻ്റ് സെക്രട്ടേറിയറ്റ് തലത്തിൽ വകുപ്പിന് ഒരു ഇൻ്റേണൽ ഓഡിറ്റ് വിഭാഗം ഇല്ലെന്നതും വീഴ്ചയുടെ ആക്കം കൂട്ടി.