KERALA

പ്ലീഡര്‍ നിയമനം: തര്‍ക്കം തുടരുന്നത് പാര്‍ട്ടിക്ക് ക്ഷീണം; അനുനയപാതയില്‍ മുഖ്യമന്ത്രിയും കെഎസ്‌യു നേതൃത്വവും, ഇന്ന് കൂടിക്കാഴ്ച

പരസ്യപ്രസ്താവനകള്‍ പാര്‍ട്ടിയെ തന്നെ പ്രതിക്കൂട്ടിലാക്കുകയും, ഭിന്നാഭിപ്രായങ്ങള്‍ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ഇരുപക്ഷവും അനുനയത്തിന്റെ പാത സ്വീകരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട തർക്കത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും കെഎസ്‌യു നേതൃത്വവും ഇന്ന് കൂടിക്കാഴ്ച നടത്തും. കെഎസ്‍യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറുമായി കൂടിക്കാഴ്ച നടത്താമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു. തര്‍ക്കം പരിഹരിക്കുന്നതിനായി കെപിസിസി നേതൃത്വം നടത്തിയ ഇടപെടലാണ് ഫലം കാണുന്നത്. പരസ്യപ്രസ്താവനകള്‍ പാര്‍ട്ടിയെ തന്നെ പ്രതിക്കൂട്ടിലാക്കുകയും, ഭിന്നാഭിപ്രായങ്ങള്‍ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ഇരുപക്ഷവും അനുനയത്തിന്റെ പാത സ്വീകരിക്കുന്നത്.

സര്‍ക്കാര്‍ പ്ലീഡര്‍ നിയമനത്തില്‍ കെഎസ്‍യു ആദ്യം തന്നെ വിയോജിപ്പ് അറിയിച്ചിരുന്നു. സർക്കാർ പ്ലീഡർ പട്ടികയിൽ മുൻ എസ്എഫ്ഐ, എബിവിപി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു കെഎസ്‌യുവിന്റെ എതിര്‍പ്പ്. എന്നാല്‍, മുഖ്യമന്ത്രി വി.ഡി. സതീശന്‍ അതൊന്നും ചെവിക്കൊണ്ടിരുന്നില്ല. കെഎസ്‌യു പ്രതികരണങ്ങളെ പരിഹസിക്കുന്ന തരത്തിലായിരുന്നു പ്രതികരണം. പിന്നാലെ അലോഷ്യസ് സേവ്യര്‍ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചെങ്കിലും, അനുമതി ലഭിച്ചില്ല. കൊച്ചിയില്‍ തേവര എസ്.എച്ച്. കോളേജില്‍ നടന്ന പരിപാടിക്കുശേഷം, മുഖ്യമന്ത്രിയെ കാണാന്‍ അലോഷ്യസ് സേവ്യര്‍ കാത്തുനിന്നെങ്കിലും അദ്ദേഹം മുഖംകൊടുത്തില്ല.

മുഖ്യമന്ത്രിയുടെ ഇത്തരമൊരു സമീപനം വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. വി.എം. സുധീരന്‍, അനൂപ് വി.ആര്‍., ഡോ. ജിന്റോ ജോണ്‍ ഉള്‍പ്പെടെ നേതാക്കള്‍ അലോഷ്യസിനെ പിന്തുണച്ചും രംഗത്തെത്തിയിരുന്നു. തര്‍ക്കം പാര്‍ട്ടിയില്‍ ആഭ്യന്തര ഭിന്നതയ്ക്കു തന്നെ കാരണമാകുന്ന തരത്തില്‍ മാറിയ സാഹചര്യത്തിലാണ് കെപിസിസി വിഷയത്തില്‍ ഇടപെട്ടത്. അലോഷ്യസ് സേവ്യര്‍ കെപിസിസി അധ്യക്ഷനെ നേരിട്ട് കാണുകയും ചെയ്തിരുന്നു.

SCROLL FOR NEXT