UTOPIA | പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്‌ദാനങ്ങള്‍ മറക്കുന്നവരും പെരുച്ചാഴികളും

പട്ടാഭിഷേകം കഴിഞ്ഞ് വാഗ്‍ദാനങ്ങള്‍ മറക്കുന്ന രാജശീലം ശരിയല്ലെന്ന് പലരും വിളിച്ചു പറയുന്നുണ്ട്, ബട്ട് നോ ഫലം.
UTOPIA | പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്‌ദാനങ്ങള്‍ മറക്കുന്നവരും പെരുച്ചാഴികളും
Published on
Updated on

കേരളത്തിലെ ഇപ്പോഴത്തെ വ്യവസ്ഥിതിയോട് യുവാക്കള്‍ കടുത്ത അമര്‍ഷത്തിലാണ്. വെറും യുവാക്കളല്ല, ദീപശിഖാങ്കിത നീല പതാകയേന്തിയ യുവാക്കള്‍. കാര്യം ശരിയാണ്, പത്ത് വര്‍ഷത്തിനുശേഷം ഭരണമൊക്കെ പിടിച്ചു. അതിനുശേഷം ജനാധിപത്യത്തിന്റെ സൗന്ദര്യം കൂട്ടാന്‍ കസേരയ്ക്കു വേണ്ടിയും അടികൂടി. പക്ഷേ, ഇക്കാലമത്രയും വെള്ളം കോരിയവവര്‍ക്കും വിറക് കീറിയവര്‍ക്കും, നടുറോഡില്‍ തല്ലുകൊണ്ട് ചോര ചീന്തിയവര്‍ക്കും ആ സൗന്ദര്യമൊന്നും ആസ്വദിക്കാന്‍ യോഗമുണ്ടായില്ല. അതിനിടെ, വഴിയില്‍ക്കൂടി പോയവരും, കാഴ്ച കണ്ടു നിന്നവരുമൊക്കെ പല പല കസേരകള്‍ സ്വന്തമാക്കുകയും ചെയ്തു. പട്ടാഭിഷേകം കഴിഞ്ഞ് വാഗ്‍ദാനങ്ങള്‍ മറക്കുന്ന രാജശീലം ശരിയല്ലെന്ന് പലരും വിളിച്ചു പറയുന്നുണ്ട്. നോ ഫലം, ആ കോട്ട വാതില്‍ പാവത്തുങ്ങള്‍ക്കു മുന്നില്‍ തുറക്കപ്പെട്ടില്ല.

സര്‍ക്കാരിന്റെ പ്ലീഡര്‍ നിയമനം ആരെ പ്രീണിപ്പിക്കാനാണ് എന്നതാണ് ചോദ്യം. ഞാനൊന്നും ചെയ്തില്ല, എല്ലാം ലോയേഴ്സ് കോണ്‍ഗ്രസ് പറഞ്ഞപോലെ എന്നാണ് മുഖ്യന്റെ പൂക്കി ചിരി. എസ്എഫ്ഐക്കാരും, എബിവിപിക്കാരും ഉള്‍പ്പെടെ എങ്ങനെ പട്ടികയില്‍ വന്നു എന്ന ചോദ്യം അന്തരീക്ഷത്തില്‍ അങ്ങനെ തങ്ങിനിന്നു. ഞങ്ങള്‍ തന്ന പട്ടികയില്‍ ഇല്ലാത്തവരെയൊക്കെ നിയമിച്ചിട്ട്, ഞങ്ങളെ പഴിക്കുന്നോ എന്നും ലോയേഴ്സ് കോണ്‍ഗ്രസ് തിരിച്ചടിച്ചു. ഇത്തരം വഴിവിട്ട നിയമനത്തിന്റെ ഉത്തരവാദിത്തമൊക്കെ മുഖ്യമന്ത്രിക്ക് മാത്രമാണെന്നും കൂടി പ്രഖ്യാപിച്ചതോടെ, യുദ്ധഭൂമി റെഡിയായി. അങ്കം വെട്ടാന്‍ പടക്കോപ്പുകളണിഞ്ഞ് യോദ്ധാക്കള്‍ അണിനിരന്നു. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് സംഘം ഒരു വശത്തും മൂത്ത കോണ്‍ഗ്രസുകാര്‍ മറുവശത്തും. സമൂഹമാധ്യമങ്ങളില്‍ അക്ഷരങ്ങള്‍കൊണ്ടവര്‍ കൊമ്പുകോര്‍ത്തു. ചോരയൊട്ടും ചീന്താതെ അവര്‍ ആഞ്ഞ് ആഞ്ഞടിച്ചു.

ഇത്രയൊക്കെ കാണിച്ചുകൂട്ടിയിട്ടും മുഖ്യന് അതിന്റെയൊരു അഹങ്കാരവും ഇല്ലായിരുന്നു. "എനിക്ക് പരാതിയൊന്നും കിട്ടിയിട്ടില്ല, എല്ലാം മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിക്കുന്നതാണെന്ന്" ഒറ്റ കീച്ചലായിരുന്നു. അയ്യോ... അങ്ങനെയല്ലാ... കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് പിന്നെ കുറച്ചു നേതാക്കള്‍... ഇവരൊക്കെ പരാതി ഉന്നയിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ തിരിച്ചു പറഞ്ഞു. അപ്പോഴാണ് അടുത്ത ഡയലോഗ്... "അവരൊന്നും അല്ലല്ലോ പ്ലീഡര്‍മാരെ തീരുമാനിക്കുന്നത്. പോഷക സംഘടനകള്‍ തരുന്ന ലിസ്റ്റില്‍ ഒപ്പിടാന്‍ അല്ലല്ലോ സര്‍ക്കാര്‍". അതൊരു ഒന്നൊന്നര ഡയലോഗ് ആയിരുന്നു. സത്യം പറയാലോ. നമ്മള്‍ ഒന്നിനും വശംവദരാകരുത്. തുടക്കത്തില്‍ വശംവദനായി നടത്തിയ ചില നിയമനങ്ങള്‍, ഉത്തരവിലെ ഒപ്പിന്റെ നനവ് മായും മുമ്പേ കീറിക്കളയേണ്ടിവന്നത് ഓര്‍ക്കുന്നത് നല്ലതാണ്. പക്ഷേ, എന്നാലും ഈ പ്ലീഡര്‍മാരൊക്കെ എങ്ങനെ, എവിടെ നിന്നു വന്നു... എന്നൊരു ചോദ്യം ഉട്ടോപ്യയുടെ നേരെയും കൊഞ്ഞനം കുത്തുന്നുണ്ട്.

UTOPIA | പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്‌ദാനങ്ങള്‍ മറക്കുന്നവരും പെരുച്ചാഴികളും
UTOPIA | വീര്യം കുറഞ്ഞാലും, മൂച്ച് കുറയരുത്; തീരുമാനം സദുദ്ദേശ്യപരമാണ്

ഒരു കാര്യം പറയാതെ വയ്യ. അങ്ങ് ഈ പറഞ്ഞ കാര്യങ്ങളുണ്ടല്ലോ... ഞാന്‍ തുടക്കത്തില്‍ പറഞ്ഞ ആ പതാക പിടിച്ചു നടന്നവരെയും, നടക്കുന്നവരെയും വല്ലാതെ സെഡ് ആക്കിയിട്ടുണ്ട്. അതാണ് അവരില്‍ പലരും പ്രതികരിച്ചുപോയത്. അവരുടെ വിമര്‍ശനത്തില്‍ ഏതാണ്ടൊരു ഇത് ഉണ്ടെന്നാണ് തോന്നുന്നത്. ആ സംസ്ഥാന അധ്യക്ഷന്‍ നിങ്ങളെ കണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വന്നതല്ലേ... അപ്പോള്‍ നിങ്ങള്‍ പിണങ്ങി, മിണ്ടാന്‍ കൂടി തയ്യാറായില്ല. ഒന്നൂല്ലേലും കഴിഞ്ഞ പത്ത് വര്‍ഷം ഇവരൊക്കെയെല്ലേ നിങ്ങള്‍ടെ വാക്കും കേട്ട്, സമരം ചെയ്യാനും പൊലീസിന്റെ അടി വാങ്ങാനുമൊക്കെ തെരുവില്‍ ഇറങ്ങിയത്. ആ പോരാട്ടങ്ങളുടെ കൂടി ഫലമായിട്ടല്ലേ ഇപ്പോള്‍ ഇരിക്കുന്ന ആ കസേര. ആ ഒരു സ്മരണ വേണ്ടേ. ആ ശശികല ടീച്ചറും ബാബു ചേട്ടനുമൊക്കെ വന്നപ്പോള്‍ സ്വീകരിച്ച പോലെയെങ്കിലും ഈ പിള്ളേരെ ഒന്ന് സ്വീകരിച്ചിരുന്നെങ്കില്‍ ഇത്ര പുകില്‍ ഉണ്ടാകുമായിരുന്നോ? ശരിക്കും അവരത് അര്‍ഹിക്കുന്നില്ലേയെന്ന് നേതാക്കളെക്കൊണ്ട് തന്നെ ചോദിപ്പിക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ?

ഇതിപ്പോ രാജാവ് നഗ്‌നനാണ് എന്ന് മാത്രമല്ല പലരും പറയുന്നത്. പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്‌ദാനങ്ങൾ മറക്കുന്ന രാജശീലത്തെക്കുറിച്ച് കൂടി ചിലര്‍ പറയുന്നുണ്ട്. ഈ ചിലര്‍ എന്നു പറഞ്ഞാല്‍, പുറത്തുനിന്നുള്ളവരല്ല, നല്ല ഒന്നാംതരം കോണ്‍ഗ്രസുകാര്‍. പഠിച്ചു നടന്ന കാലത്തും, പീന്നീട് യൂത്തന്മാരായപ്പോഴും ആ കൊടി പിടിച്ചവര്‍. ഇപ്പോഴും പാര്‍ട്ടിക്കൊപ്പം ഉള്ളവര്‍ തന്നെയാണ് അങ്ങ് മറന്ന ചില കാര്യങ്ങള്‍ കൂടി ഓര്‍മിപ്പിക്കുന്നത്. പറഞ്ഞതെല്ലാം മറക്കാനുള്ളത് മാത്രമാണന്ന സാരമാണ് അവര്‍ പറയുന്നത്. പെരുച്ചാഴികൾ സാഹചര്യത്തിന്റെ ആനുകൂല്യം പറ്റി പ്രതിച്ഛായ നിർമിച്ച് മുന്നേറും. വന്ന വഴികളും കൈ പിടിച്ച മനുഷ്യരും അവർക്ക് വെറും ചവിട്ടുപടികൾ മാത്രമാണെന്നും പറഞ്ഞിട്ടുണ്ട്. തീരുമാനങ്ങൾ എടുക്കപ്പെടുന്ന ദർബാറുകളിൽ പടയാളികൾക്ക് പ്രവേശനം ഉണ്ടാകില്ല എന്നതാണ് രാജശാസനം. രാജാവിനേക്കാൾ വലിയ രാജഭക്തരും കൊട്ടാരം വിദൂഷകരും പ്രീതി പറ്റുന്നതിനായി വാഴ്ത്തുകൾ പാടിക്കൊണ്ടേയിരിക്കും എന്നുമുള്ള വിമര്‍ശനങ്ങള്‍ ഉട്ടോപ്യക്ക് ഇഷ്ടമായി. അങ്ങ് ഇതിനെ എങ്ങനെ സ്വീകരിക്കും എന്ന് കാണാനുള്ള കാത്തിരിപ്പിലാണ്.

UTOPIA | പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്‌ദാനങ്ങള്‍ മറക്കുന്നവരും പെരുച്ചാഴികളും
കള്ളു കുടിയന്മാര്‍ക്കിവിടെ ചോദിക്കാനും പറയാനും ആളുണ്ട് | UTOPIA

നുണേശന്‍ എന്നൊരു പേരു മാറി, പൂക്കി മുഖ്യനായിട്ട് മാസം കുറച്ചേ ആയിട്ടുള്ളൂ. പ്രതിപക്ഷ പാണന്മാരായിരുന്നു ഇക്കാലമത്രയും തൊന്തരവ് ഉണ്ടാക്കിയിരുന്നത്. പക്ഷേ ഇപ്പോള്‍ അങ്ങനല്ല. ഭരണം പിടിക്കാന്‍ കൂടെ നിന്നവരാണ് മനസ് നൊന്ത് നില്‍ക്കുന്നത്. പെരുച്ചാഴിയെന്നും, രാജാവെന്നും അവര്‍ വിളിക്കുന്നതിന് ഏറെ അര്‍ഥങ്ങളുണ്ട്. ഇതൊക്കെ അവഗണിച്ച് എങ്ങനെയാണ് ഇനിയും ആ ചിരി ചിരിക്കാന്‍ കഴിയുക? ആ ആര്‍ക്കറിയാം...എന്നാലും ശശികല ചേച്ചിയെയും ബാബു ചേട്ടനെയും കാണാന്‍ സമയം കണ്ടെത്തിയ അങ്ങേയ്ക്ക് എന്തുകൊണ്ടാണ് കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ സമയം കിട്ടാത്തത്. ഏയ് അങ്ങനെയായിരിക്കില്ല...

മുന്‍കൂര്‍ ജാമ്യം: ഉട്ടോപ്യ ആണ്... കണ്ണിൽ കണ്ടതും കാണാത്തതും, നടക്കുന്നതും നടക്കാത്തതുമൊക്കെ പറഞ്ഞെന്നു വരും. എന്തേലും എവിടേലും സാദൃശ്യം തോന്നിയിട്ട്, കല്ലെടുത്ത് എറിയാൻ വരരുത്. ഇതൊക്കെ തികച്ചും സാങ്കൽപ്പികമാണ്. കാര്യങ്ങളെ ഇച്ചിരി സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ കണ്ടാല്‍ മതി.

News Malayalam 24x7
newsmalayalam.com