പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട സംസ്ഥാന സർക്കാരിനെതിരെ സമസ്ത. 1500 കോടി രൂപയ്ക്ക് വേണ്ടി കേരള ജനതയെ ഒറ്റുകൊടുത്തുവെന്ന് സമസ്ത മുശാവറാ അംഗം ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി. കാവിവൽക്കരണത്തിന് ബോധപൂർവ്വം വിദ്യാഭ്യാസ വകുപ്പ് പരവതാനി വിരിക്കുന്നു എന്നും വിമർശനം. ഫേസ്ബുക്ക് പോസ്റ്റിലാണ് നദ്‌വിയുടെ വിമർശനം.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
കേന്ദ്രസര്‍ക്കാരിന്റെ 'പിഎം ശ്രീ' പദ്ധതിയില്‍ കേരളം ഒപ്പുവെച്ചതാണല്ലോ പുതിയ വിവാദം. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ഫണ്ടിനു വേണ്ടിയാണ് ഈ മലക്കംമറിച്ചില്‍ എന്നാണ് ഔദ്യോഗിക വിശദീകരണം.
ഒപ്പുവെക്കാതിരുന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ 1500 കോടി രൂപയുടെ സഹായം നഷ്ടപ്പെടുമെന്നാണ് മന്ത്രിയുടെ ഇതു സംബന്ധിച്ചുള്ള ന്യായീകരണം. രണ്ടു ലക്ഷം കോടി രൂപയുടെ, കൃത്യമായിപ്പറഞ്ഞാല്‍ 1.98 ലക്ഷം കോടിയുടെ വാര്‍ഷിക ബജറ്റ് 2025-26 വര്‍ഷം ചെലവഴിക്കുന്നൊരു ജനാധിപത്യ സര്‍ക്കാരാണ് കേവലം 1500 കോടിക്കു വേണ്ടി കേരള ജനതയെ ഒറ്റുകൊടുത്ത് പരിഹാസ്യരാവുന്നത്.
1500 കോടിക്കു വേണ്ടി, നാല് കോടിയോളം വരുന്ന പ്രബുദ്ധരായ കേരളീയ ജനതയെ ചതിക്കുഴിയില്‍ വീഴ്ത്തുന്ന അതിനിഷ്ഠുരമായ കാഴ്ചപ്പാടാണ് ഇത് എന്ന് വിസ്മരിച്ചു കൂടാ. ഇതിനെതിരെ സാര്‍വത്രികമായ പ്രചാരണം നടത്തപ്പെടുകയും കേരള ജനതയെ ഇതു സംബന്ധിച്ച് ബോധവത്കരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്.
പി എം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കുന്നതോടെ, നമ്മുടെ സംസ്ഥാനത്ത് ദേശീയ വിദ്യാഭ്യാസ നയം (എന്‍.ഇ.പി 2020) കൂടി നടപ്പാക്കേണ്ട ഗതികേടാണ് വരാനിരിക്കുന്നതെന്നത് മറ്റാരെക്കാളും സര്‍ക്കാരിനറിയാം. കാലങ്ങളായി ഫാസിസ്റ്റു ഭരണം കോപ്പുകൂട്ടിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണത്തിന് മലയാള നാട്ടിലും ബോധപൂര്‍വം പരവതാനി വിരിക്കുകയാണ് ഇതിലൂടെ കേരള വിദ്യാഭ്യാസ വകുപ്പ്.
രാജ്യത്തിന്റെ വൈവിധ്യവും ബഹുസ്വരതയും ഉള്‍ച്ചേര്‍ന്ന പരമ്പരാഗത പാഠ്യപദ്ധതിയെ മുച്ചൂടും തകിടം മറിക്കുന്നതാണ് ദേശീയ വിദ്യാഭ്യാസ നയം. രാജ്യം മുഴുവന്‍ ഏകതാനമായ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കി, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ചേര്‍ന്ന് നിയമനിര്‍മാണം നടത്താന്‍ വ്യവസ്ഥ ചെയ്യുന്ന കണ്‍കറന്റ് ലിസ്റ്റിലെ സംസ്ഥാനങ്ങളുടെ അധികാരത്തെ ഇത് വെട്ടിച്ചുരുക്കുന്നു. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സോഷ്യലിസവും മതനിരപേക്ഷതയും നിരാകരിക്കുകയും ഫെഡറല്‍ സംവിധാനങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഈ വിദ്യാഭ്യാസ നയത്തിനു പിന്നില്‍ കാവിവത്കരണം മാത്രമാണെന്ന് ഇക്കാലമത്രയും നിലപാടെടുത്തവര്‍ തന്നെ, നോട്ടുകെട്ടിനു വേണ്ടി മലക്കം മറിയുന്നത് ഒരു നിലക്കും അംഗീകരിച്ചുകൂടാ. സഖ്യകക്ഷികളുടെ എതിര്‍പ്പ് പോലും അവഗണിച്ച് പി എം ശ്രീ യോടുള്ള സിപിഎമ്മിന്റെ വിധേയത്വം ചെറുക്കപ്പെടുക തന്നെ വേണം.
വര്‍ഗീയതയിലധിഷ്ഠിതമായ ബി.ജെ.പി-ആര്‍.എസ്.എസ് അസ്തിത്വത്തോട് വിയോജിക്കുന്നുവെന്ന് പെരുമ്പറയടിച്ചുനടക്കുന്ന ഭരണകക്ഷി, കേരളീയ സമൂഹത്തെ ഒന്നടങ്കം ഇതേ വര്‍ഗീയതയിലേക്കും അതിലധിഷ്ഠിതമായ കാവി സംസ്‌കാരത്തിലേക്കും നയിക്കുന്നതിനു സഹായകമായ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിന്റെ ന്യായീകരണം ചോദ്യം ചെയ്യാന്‍ ഓരോ കേരളീയനും സന്നദ്ധനാകേണ്ടതുണ്ട്.
രാജ്യത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലെ നിത്യ സ്മരണകളായ മുഗള്‍ ഭരണകൂടത്തിന്റെയും ടിപ്പു സുല്‍ത്താന്റെയും പൈതൃകങ്ങള്‍, ഗാന്ധി വധം, 2002 ലെ ഗുജറാത്ത് വംശഹത്യ തുടങ്ങിയവ പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ എന്‍.ഇ.പി പ്രകാരം ഇതിനകം തന്നെ നിരവധി ശ്രമങ്ങള്‍ നടന്നുകഴിഞ്ഞു. പകരം സാങ്കല്‍പിക കഥകളും ഹിന്ദു മിത്തുകളും മാത്രം കോര്‍ത്തിണക്കി പുതിയൊരു പാഠ്യപദ്ധതി രൂപീകരിച്ച്, രാജ്യത്തിന്റെ ഭാവിതലമുറയുടെ ബൗദ്ധിക നിലവാരത്തെ തന്നെ ഇടിച്ചുതാഴ്ത്തുന്നത് പൊറുക്കാവുന്ന പാതകമാണോ? പദ്ധതിയില്‍ ഒപ്പുവെച്ചില്ലെങ്കില്‍ ഉണ്ടാകാവുന്ന രണ്ടായിരം കോടിയുടെ നഷ്ടം സഹിക്കുമെന്ന് തുറന്നടിച്ച തമിഴ്‌നാട് സര്‍ക്കാര്‍, ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഹരജികള്‍ സമര്‍പ്പിച്ച് നട്ടെല്ലോടെ പോരാടുന്ന ധീരമാതൃകയാണ് കേരളത്തിനും അഭികാമ്യം. രാജ്യത്തിനു വഴികാണിക്കേണ്ട കേരളം നട്ടെല്ലോടെ തന്നെ മുന്നേറട്ടെ.