പിഎം ശ്രീയിൽ തുടർനടപടി ഉടനില്ല; തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തിരക്കിട്ട അനുനയ നീക്കവുമായി സിപിഐഎം; ബിനോയ് വിശ്വത്തെ കണ്ട് വി. ശിവൻകുട്ടി

തെരഞ്ഞെടുപ്പടുത്ത കാലത്തെ ഈ കോലാഹലം ക്ഷീണമാകുമെന്ന തിരിച്ചറിവിൽ സിപിഐഎം തിരക്കിട്ട അനുനയ നീക്കം തുടങ്ങി
ബിനോയ് വിശ്വത്തെയും ജി. ആർ അനിലിനേയും നേരിട്ട് കണ്ട് വി. ശിവൻകുട്ടി
ബിനോയ് വിശ്വത്തെയും ജി. ആർ അനിലിനേയും നേരിട്ട് കണ്ട് വി. ശിവൻകുട്ടിSource: Social Media
Published on

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കലാപക്കൊടി ഉയർത്തിയ സിപിഐയെ അനുനയിപ്പിക്കാൻ തിരക്കിട്ട നീക്കങ്ങളുമായി സിപിഐഎം. തർക്കങ്ങൾക്കിടെ സിപിഐ ആസ്ഥാനത്തെത്തിയ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സിപിഐ നേതൃത്വവുമായി ചർച്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയനും അനുനയശ്രമങ്ങൾക്ക് നേരിട്ടിറങ്ങി. സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയെ മുഖ്യമന്ത്രി ഫോണിൽ വിളിച്ച് ആശങ്കകൾ പരിഹരിക്കുമെന്ന് ഉറപ്പ് നൽകി. നിലവിലെ സാഹചര്യത്തിൽ പിഎം ശ്രീ പദ്ധതിയിൽ തുടർ നടപടികൾ തത്കാലം വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. കടുത്ത എതിർപ്പ് തുടരുമ്പോഴും കടന്ന തീരുമാനങ്ങളിലേക്കൊന്നും നീങ്ങേണ്ടതില്ല എന്നാണ് സിപിഐ നേതൃത്വത്തിൻ്റെ തീരുമാനം.

ബിനോയ് വിശ്വത്തെയും ജി. ആർ അനിലിനേയും നേരിട്ട് കണ്ട് വി. ശിവൻകുട്ടി
നേതൃയോഗത്തിൽ ക്ഷണിച്ചില്ല; കെ. സുരേന്ദ്രൻ കലിപ്പിൽ; ബിജെപിയുടെ സെക്രട്ടറിയേറ്റ് ഉപരോധം ബഹിഷ്കരിച്ചു

മുന്നണിക്കും പാർട്ടിക്കും ഒരു സൂചന പോലും തരാതെ പിഎം ശ്രീ ധാരണാപത്രത്തിൽ സർക്കാർ ഒപ്പുവച്ചതിൻ്റെ അമ്പരപ്പ് ഇനിയും മാറാത്ത സിപിഐ നേതാക്കൾ സിപിഐഎമ്മിനോട് ഇടഞ്ഞുതന്നെ തുടരുകയാണ്. മുന്നണി മര്യാദയുടെ സകല സീമയും സിപിഐഎം ലംഘിച്ചുവെന്ന ഈർഷ്യ സിപിഐ നേതൃത്വത്തിനുണ്ട്. അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത അത്രയും രൂക്ഷമായ രാഷ്ട്രീയ ഭാഷയിലാണ് സിപിഐ വിയോജിപ്പും പ്രതിഷേധവും ഉന്നയിക്കുന്നത്. തെരഞ്ഞെടുപ്പടുത്ത കാലത്തെ ഈ കോലാഹലം ക്ഷീണമാകുമെന്ന തിരിച്ചറിവിൽ സിപിഐഎം തിരക്കിട്ട അനുനയ നീക്കം തുടങ്ങി.

സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകത്തിൽ നേരിട്ടെത്തിയ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി സിപിഐ നേതൃത്വവുമായി ചർച്ച നടത്തി. പദ്ധതിയിൽ ഒപ്പുവയ്ക്കേണ്ടിവന്ന സാഹചര്യം മന്ത്രി സിപിഐ നേതാക്കളോട് വിശദീകരിച്ചു. പദ്ധതിയിലുള്ള എതിർപ്പ് വിദ്യാഭ്യാസമന്ത്രിയോട് ബിനോയ് വിശ്വവും ജി.ആർ. അനിലും ആവർത്തിച്ചു. ദില്ലിയിൽ നടക്കുന്ന സിപിഐ ദേശീയ എക്സിക്യുട്ടീവിലും കേരളത്തിലെ പിഎം ശ്രീ വിവാദം ചർച്ചയാകും. ഈ സാഹചര്യത്തിൽക്കൂടിയാണ് അടിയന്തര അനുനയ ചർച്ചയ്ക്ക് വിദ്യാഭ്യാസമന്ത്രിയെ തന്നെ സിപിഐഎം നിയോഗിച്ചത്.

വിദേശപര്യടനത്തിനിടെ ജനറൽ സെക്രട്ടറി ഡി രാജയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ സംസാരിച്ചു. സിപിഐയുടെ ആശങ്കകൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. നാളെ വിദേശത്തുനിന്ന് മടങ്ങിയെത്തിയതിന് ശേഷം ബിനോയ് വിശ്വം അടക്കം സിപിഐ നേതാക്കളെ നേരിട്ടുകാണാനും മുഖ്യമന്ത്രി തീരുമാനിച്ചിട്ടുണ്ട്. സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം.എ.ബേബിയുമായി സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്. സിപിഐഎമ്മിൽ നിന്നേറ്റ അപമാനത്തിന് തക്കതായ മറുപടി നൽകണമെന്ന വികാരം സിപിഐ നേതൃത്വത്തിൽ ശക്തമാണ്.

ഫാസിസ്റ്റ് അജണ്ടയ്ക്ക് വഴങ്ങിക്കൂടാ എന്ന തലക്കെട്ടിൽ പിഎം ശ്രീ പദ്ധതിക്കെതിരെ അതിരൂക്ഷ വിമർശനമാണ് ഇന്ന് സിപിഐ മുഖപത്രം ജനയുഗം ഉയർത്തിയത്. അപ്രായോഗികവും അന്യായവും അധാര്‍മികവുമായ നിബന്ധനകള്‍ക്ക് വഴങ്ങിക്കൊടുക്കുന്നത് രാഷ്ട്രീയ ദൗര്‍ബല്യവും അടിമമനോഭാവത്തോട് ചേര്‍ന്നുനില്‍ക്കുന്ന ബലഹീനതയുമാണ്. ആശയപരവും രാഷ്ട്രീയവുമായ അടിമത്വത്തിലേക്കുള്ള ഇരുൾപ്പാത പുതുതലമുറയ്ക്ക് മുന്നിൽ തുറക്കരുത്. ഇങ്ങനെ പോകുന്നു ജനയുഗത്തിൻ്റെ വിമർശനം. കടുത്ത ഭാഷയിൽ എതിർപ്പ് ഉയർത്തുമ്പോഴും അത്ര കടുത്ത തീരുമാനങ്ങളൊന്നും സിപിഐ ആലോചിക്കുന്നില്ല. എൽഡിഎഫിൽ ഉറച്ച് നിന്നുകൊണ്ടുള്ള പ്രതിഷേധമാണ് സിപിഐയുടെ പദ്ധതി.

സിപിഐയെ യുഡിഎഫ് ക്ഷണിച്ചത് സിപിഐഎമ്മും കാര്യമായെടുത്തിട്ടില്ല. സിപിഐ - സിപിഐഎം ബന്ധം ശക്തമെന്നും എൽഡിഎഫിലെ ഒരു ഘടകകക്ഷിയും യുഡിഎഫിലേക്ക് പോകില്ലെന്നും എ.കെ.ബാലൻ പറഞ്ഞു. ബിനോയ് വിശ്വം നടത്തിയത് പ്രകോപനപരമായ വൈകാരിക പരാമർശമായിരുന്നു. അത് തിരുത്തുമെന്ന് കരുതുന്നുവെന്നും ബാലൻ പറഞ്ഞു. വിഷയം രൂക്ഷമായ സാഹചര്യത്തിൽ ഏതു വിധേനയും സിപിഐയെ തണുപ്പിക്കാൻ കിണഞ്ഞ് പരിശ്രമിക്കുകയാണ് സിപിഐഎം. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തുവരുന്നതും സിപിഐഎമ്മിന് പ്രതിസന്ധിയാണ്.

ബിനോയ് വിശ്വത്തെയും ജി. ആർ അനിലിനേയും നേരിട്ട് കണ്ട് വി. ശിവൻകുട്ടി
ഇനി കലുങ്കില്ല, കാപ്പി; 'SG COFFEE TIMES'- പുതിയ സംവാദ പരിപാടിയുമായി സുരേഷ് ഗോപി

സിപിഐ സംസ്ഥാന എക്സിക്യുട്ടീവിന് മുമ്പ് ഇടതുമുന്നണി യോഗം ചേരാനും തീരുമാനമായി. വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ, പിഎം ശ്രീയിൽ തുടർ നടപടികളിലേക്ക് കടക്കേണ്ടെന്നാണ് നിലവിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം. പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട സ്‌കൂളുകളുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് കേന്ദ്രത്തിന് കൈമാറില്ല. സമഗ്ര ശിക്ഷാ കേരള ഫണ്ടിനായുള്ള പ്രൊപ്പോസൽ മാത്രമാകും തത്കാലം സമർപ്പിക്കുക. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടാല്‍ തടഞ്ഞ് വച്ച വിഹിതങ്ങള്‍ നല്‍കാമെന്നായിരുന്നു കേന്ദ്രത്തിൻ്റെ നിലപാട്. ഇത് പ്രകാരം എസ്എസ്കെയുടെ 971 കോടി രൂപ ഉടൻ കേരളത്തിന് കിട്ടിയേക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com