തിരുവനന്തപുരം: ഇടതു മുന്നണിയെ പിടിച്ചുലച്ച പിഎം ശ്രീ തർക്കത്തിന് പരിഹാരം. പിഎം ശ്രീ നടപ്പാക്കുന്നത് പുനരാലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിപ്പോർട്ട് തയ്യാറാക്കാൻ ഏഴംഗ മന്ത്രിസഭ കമ്മിറ്റിയെ നിയോഗിച്ചു. റിപ്പോർട്ട് വരുന്നത് വരെ തുടർനടപടികൾ നിർത്തി വയ്ക്കും. അത് കത്ത് മുഖേന കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഏഴംഗ മന്ത്രിസഭാ സമിതിയിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, പി. രാജീവ്, പി. പ്രസാദ്, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. സബ് കമ്മിറ്റി റിപ്പോർട്ട് ലഭിക്കുന്നത് വരെ സംസ്ഥാനത്ത് പിഎം ശ്രീ നടപ്പാക്കുന്ന കാര്യങ്ങളുമായി മുന്നോട്ട് പോകില്ലെന്ന് കേന്ദ്ര സർക്കാരിനെ കത്ത് മുഖേന അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ബാക്കി കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും. പുനഃപരിശോധന നടത്തുന്നതിനാൽ കൂടുതൽ പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.