മുകേഷ് എം. നായർ  
KERALA

പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതി: തിരുവനന്തപുരം ഫോര്‍ട്ട് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിഷയത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം ഫോര്‍ട്ട് സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതി മുഖ്യാതിഥിയായ സംഭവത്തില്‍ പ്രധാനാധ്യാപകനെ സസ്‌പെന്റ് ചെയ്തു. ടി.എസ്. പ്രദീപ് കുമാറിനെയാണ് സസ്‌പെന്റ് ചെയ്തത്. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം.

പോക്‌സോ കേസില്‍ പ്രതിയായ മുകേഷ് എം.നായരാണ് പടിഞ്ഞാറേക്കോട്ട ഫോര്‍ട്ട് ഹൈസ്‌കൂളിലെ പ്രവേശനോത്സവത്തില്‍ അതിഥിയായി എത്തിയത്. ഹെഡ്മാസ്റ്ററെ സസ്‌പെന്‍ഡ് ചെയ്ത ഉത്തരവില്‍ സംഭവം വിദ്യാഭ്യാസ വകുപ്പിന് അവമതിപ്പ് ഉണ്ടാക്കിയെന്നും അത്തരം സാഹചര്യം ഉണ്ടായതില്‍ പ്രിന്‍സിപ്പലിന് ജാഗ്രതക്കുറവുണ്ടായെന്നും പറയുന്നു.

വിദ്യാഭ്യാസ ഉപഡയറക്ടറുടെ പ്രാഥമിക അന്വേഷണത്തില്‍ പ്രദീപ് കുമാറിന് വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. അന്വേഷണവിധേയമായിട്ടാണ് പ്രിന്‍സിപ്പലിനെ സസ്‌പെന്റ് ചെയ്തത്.

സ്‌കൂളിലെ പ്രവേശനോത്സവത്തില്‍ മുകേഷ് എം. നായരായിരുന്നു മുഖ്യാതിഥി. മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് മൊമന്റോ സമ്മാനിച്ചതും ഇയാളായിരുന്നു. മുന്‍ അസിസ്റ്റന്റ് കമീഷണര്‍ ഒ.എ. സുനിലും മുകേഷിനൊപ്പം വേദി പങ്കിട്ടിരുന്നു. സംഭവം മാധ്യമങ്ങളിലൂടെ പുറത്തറിഞ്ഞതോടെ വിദ്യാഭ്യാസ മന്ത്രി വിഷയത്തില്‍ ഇടപെടുകയായിരുന്നു. വിഷയത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഹെഡ്മാസ്റ്റര്‍ക്ക് വീഴ്ച പറ്റിയെന്നായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയത്.

എന്നാല്‍, ജിസിഎ എന്ന സന്നദ്ധ സംഘടനയാണ് മുകേഷിനെ കൊണ്ടുവന്നതെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ വിശദീകരണം.

SCROLL FOR NEXT