കണ്ണൂർ ഇരിട്ടി സ്വദേശി വിനീത് എ.എസ് Source: News Malayalam 24x7
KERALA

വ്യാജക്കേസിൽ പൊലീസ് മർദനം; നിരപരാധിത്വം തെളിയിക്കാന്‍ ഇരിട്ടി സ്വദേശി കോടതി കയറിയിറങ്ങിയത് 10 വർഷം

പൊലീസുകാരനെതിരെ പരാതി നൽകിയതിന്റെ പ്രതികാരമായി കള്ളക്കേസിൽ പെടുത്തി മർദിച്ചെന്നായിരുന്നു വിനീതിന്റെ പരാതി

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: വ്യാജ കേസിൽ പൊലീസ് മർദനമേറ്റ കണ്ണൂർ ഇരിട്ടി സ്വദേശി വിനീത് എ.എസ് നിരപരാധിയെന്ന് തെളിയിക്കാൻ കോടതി കയറിയിറങ്ങിയത് 10 വർഷം. പൊലീസുകാരനെതിരെ പരാതി നൽകിയതിന്റെ പ്രതികാരമായി കള്ളക്കേസിൽ പെടുത്തി മർദിച്ചെന്നായിരുന്നു വിനീതിന്റെ പരാതി.

പൊലീസിനെ ആക്രമിച്ചെന്ന കേസിൽ 2015 സെപ്റ്റംബർ 12 ന് ആയിരുന്നു വിനീതിനെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് നടന്ന മർദനത്തിൽ കേൾവി ശക്തി നഷ്ടമായെന്നും വിനീത് പറയുന്നു. കസ്റ്റഡി മർദനങ്ങളില്‍ പരാതി നൽകിയാലും നടപടിയില്ലെന്നും ആരോപിച്ചു.

പൊലീസുകാർക്ക് മർദനമേറ്റെന്ന് വ്യാജ രേഖയുണ്ടാക്കിയതായും വിനീത് പറയുന്നു. ഇരിട്ടി ആശുപത്രിയിലെ പരിശോധന സമയം വച്ച് പൊലീസിന്റെ വാദങ്ങള്‍ തെറ്റാണെന്ന് വിനീത് കോടതിയിൽ തെളിയിക്കുയായിരുന്നു. വിനീതിനെയും ഏഴ് പൊലീസുകാരെയും ഒരേസമയം പരിശോധിച്ചെന്നാണ് ആശുപത്രി രേഖ. പൊലീസ് ജീപ്പിൽ വച്ച് വിനീത് ആക്രമിച്ചെന്നും ഇതിനെ തുടർന്ന് കാനയിലേക്ക് വാഹനം മറിയാൻ പോയെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ പൊലീസ് പറഞ്ഞ സ്ഥലത്ത് അത്തരമൊരു കാനയില്ലെന്നും വിനീത് തെളിയിച്ചു.

പൊലീസുകാർ കോടതിയിൽ ഹാജരാകാതിരുന്നതിൽ നിരന്തരം വീഴ്ച വരുത്തി. പൊലീസുകാർക്കെതിരെ നോൺ ബെയിലബിൾ വാറണ്ട് പുറപ്പെടുവിച്ചത് 21 തവണയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടപ്പോൾ നൽകിയ റിപ്പോർട്ടിൽ ഹാജരാകുന്നതിൽ വീഴ്ച ഉണ്ടായില്ലെന്നാണ് മറുപടി നൽകിയതെന്നും വിനീത് പറയുന്നു.

സമാനമായ രീതിയില്‍ പൊലീസ് കസ്റ്റഡി മർദനത്തില്‍ കർണപുടം തകർന്നെന്ന പരാതിയുമായി കണ്ണൂർ നാറാത്തുള്ള വർക്ക് ഷോപ്പ് മാനേജറും രംഗത്തെത്തിയിട്ടുണ്ട്. ടൗൺ സിഐ ശ്രീജിത്ത് കൊടേരിയുടെ അടിയില്‍ 35 ശതമാനം കേൾവി ശക്തി നഷ്ടപ്പെട്ടതായാണ് പരാതി.

കാട്ടാമ്പള്ളിയിലെ വർക്ക് ഷോപ്പിന്റെ വാടക തർക്കം സംസാരിക്കാൻ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി മർദിച്ചെന്നാണ് ആരോപണം. മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും നൽകിയ പരാതികൾ സ്വീകരിച്ചിരുന്നില്ലെന്നും കോടതി നിർദേശാനുസരണമാണ് പിന്നീട് കേസെടുത്തതെന്ന് അഷ്‌റഫ്‌ ന്യൂസ് മലയാളത്തോട് പറഞ്ഞു.

SCROLL FOR NEXT