കൊല്ലം: പൊലീസിന്‍റെ ക്രൂരമർദനത്തില്‍ ചെയ്യാത്ത കുറ്റം സമ്മതിക്കേണ്ടി വരികയും, അതിന്‍റെ പേരില്‍ ഉപജീവനം നഷ്ടപ്പെട്ട് മനോനില തെറ്റി ചികിത്സ തേടുകയും ചെയ്ത ഒരാളാണ് കൊല്ലം മുഖത്തല സ്വദേശി സുനില്‍. 2022ലാണ് അയല്‍വാസിയായ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് സുനില്‍ അറസ്റ്റിലായത്. കുറ്റം സമ്മതിപ്പിക്കാന്‍ കൊട്ടിയം എസ്ഐ സുജിത് നായരുടെ നേതൃത്വത്തില്‍ തല്ലി ചതച്ചെന്നും, നിരപരാധിത്വം തെളിഞ്ഞതോടെ കേസ് അവസാനിപ്പിക്കാന്‍ എസ്ഐ നേരിട്ട് വീട്ടിലെത്തി സമ്മർദം ചെലുത്തിയെന്നും സുനില്‍കുമാറിന്‍റെ കുടുംബം പറയുന്നു.
2022 നവംബർ മൂന്നിനാണ് മുഖത്തല സ്വദേശിയായ 11 വയസുകാരനെ വഴിയിൽ തടഞ്ഞ് നിർത്തി തട്ടികൊണ്ട് പോകാൻ ശ്രമമുണ്ടായത്. പൊക്കവും, നല്ല വണ്ണവുമുള്ള യുവാവാണ് തന്നെ ആക്രമിക്കാൻ ശ്രമിച്ചതെന്നായിരുന്നു മൊഴി. കുട്ടിയുടെ മൊഴി പ്രകാരം വീടിനടുത്ത് താമസിക്കുന്ന സുനിൽ കുമാറിനെ നാലിന് രാത്രി പൊലീസ് പിടികൂടുന്നു. അഞ്ചാം തീയതി റിമാന്‍ഡ് ചെയ്തു. അഞ്ച് ദിവസം ജയിൽവാസം.
കുട്ടിയുടെ മൊഴി പ്രകാരം മൂന്നിന് വൈകിട്ട് 5.45ന് ആണ് തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. അന്നേ ദിവസം, അതേ സമയം തങ്കശേരിയിലുള്ള ജോലി സ്ഥലത്തായിരുന്നു സുനിൽ. അത് തെളിയിക്കുന്ന ദൃശ്യങ്ങളും കുടുംബം പുറത്തുവിട്ടു. പിന്നീടിങ്ങോട്ട് നിയമ പോരാട്ടമായിരുന്നു. തന്നെ തല്ലിച്ചതച്ചാണ് എസ്ഐ സുജിത് കുറ്റം സമ്മതിപ്പിച്ചതെന്ന് സുനിൽ കുമാർ പറഞ്ഞു. കുറ്റം ഏൽക്കാതിരുന്നതോടെ ക്രൂരമർദനം. മർദനം സഹിക്കവയ്യാതെ കുറ്റം സമ്മതിക്കുന്നത് വീഡിയോയിൽ എസ്ഐ പകർത്തി. അറസ്റ്റിന് ശേഷം ജോലി നഷ്ടമായ സുനിലിൻ്റെ മാനസിക നില തെറ്റിയതോടെ വീട്ടിൽ ചികിത്സയിൽ കഴിയുകയാണ്.
അറസ്റ്റിൽ അമളി പറ്റിയെന്ന് മനസിലായ എസ്ഐ സുജിത്തും സുഹൃത്തും കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 2023 നവംബർ 20ാം തീയതി വൈകിട്ട് മൂന്ന് മണിക്ക് കുടുംബത്തെ സമീപിച്ചെന്ന് സഹോദരി പറയുന്നു.
കുടുംബത്തിൻ്റെ നിരന്തര പരാതിയിൽ ക്രൈംബ്രാഞ്ചും, മറ്റ് അന്വേഷണ ഏജൻസികളും കേസ് പുനരന്വേഷണം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. കുട്ടിയെ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കൊണ്ട് കൗൺസിൽ ചെയ്യിക്കണമെന്നാണ് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്. അതേസമയം, കേസിന് അക്കാലയളവിൽ മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥർ കുടുംബത്തിൻ്റെ ആരോപണത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല.