കോഴിക്കോട്; പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്കെതിരെ കേസെടുത്തു.പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതിനും കലാപമുണ്ടാക്കാൻ ശ്രമിച്ചതിനുമാണ് കേസ്. കണ്ടാൽ അറായാവുന്ന 692 പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഡിസിസി പ്രസിഡണ്ട് കെ പ്രവീൺ കുമാറിനെതിരെയും കേസ് എടുത്തു. എൽഡിഎഫ് പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പേരാമ്പ്രയിൽ യുഡിഎഫ് - സിപിഐഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ ഉണ്ടായ ലാത്തി ചാർജിനിടെ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റിരുന്നു. പേരാമ്പ്ര സികെജി കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധത്തിൽ പൊലീസ് ലാത്തി വീശുകയായിരുന്നു. ഈ ചോര കൊണ്ട് അയ്യപ്പൻ്റെ സ്വർണം കട്ടത് മറച്ചു പിടിക്കാൻ സിപിഐഎം ശ്രമിക്കേണ്ടെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു.
ഗുരുതരമായി പരിക്കേറ്റ എംപിയുടെ മൂക്കിന് ശസ്ത്രക്രിയ നടത്തിയ ശേഷം ഡോക്ടർമാർ വിശ്രമം നിർദശിച്ചിരിക്കുകയാണ്. അതേ സമയം സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം.