കൊല്ലം: ഏരൂരില്‍ അങ്കണവാടിയിൽ അക്ഷരം എഴുതാത്തതിന് നാലു വയസ്സുകാരനെ ക്രൂരമായി ഉപദ്രവിച്ച അധ്യാപികക്കെതിരെ കേസെടുക്കാതെ പൊലീസ്. വിശദവിവരങ്ങൾ കിട്ടിയതിന് ശേഷം മാത്രം തുടർ നടപടികൾ എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. വിഷയത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി നൽകാനൊരുങ്ങുകയാണ് കെഎസ്‌യു.
അഞ്ചൽ പാണയം അംഗനവാടിയിലാണ് ടീച്ചറുടെ ക്രൂരത. ബഥേൽ ഹൗസിൽ വിൻസന്റ് - ലീന ദമ്പതികളുടെ മകൻ ജോയലിനെയാണ് ടീച്ചർ നുള്ളി പരുക്കേൽപ്പിച്ചത്. ചൊവ്വാഴ്ച വൈകീട്ട് കുട്ടിയെ കുളിപ്പിക്കാനായി വസ്ത്രം മാറ്റിയപ്പോഴാണ് കുട്ടിയുടെ തുടകളില്‍ പാട് കണ്ടത്. എന്താണെന്ന് ചോദിച്ചപ്പോള്‍ അധ്യാപിക ഉപദ്രവിച്ച വിവരം കുട്ടി വീട്ടുകാരോട് പറഞ്ഞു. തുടർന്ന് വീട്ടുകാര്‍ പൊലീസിനെ സമീപിച്ചു. കുട്ടിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവില്‍ അധ്യാപികയ്ക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ട്. ഏഴ് ദിവസത്തേക്ക് അധ്യാപികയെ ജോലിയില്‍ നിന്ന് മാറ്റി നിർത്തിയിരിക്കുകയാണ്. സംഭവം അറിഞ്ഞയുടനെ കുട്ടിയുടെ രക്ഷിതാക്കള്‍ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിരുന്നു. കുട്ടിയെ ഉപദ്രവിച്ച ടീച്ചറോടും സംസാരിച്ചു. തുടർന്ന് രക്ഷിതാക്കളോട് അധ്യാപിക ക്ഷമാപണം നടത്തി. കുട്ടിയെ അക്ഷരം പഠിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അധ്യാപിക കുട്ടിയെ ഉപദ്രവിച്ചത് എന്നാണ് അധികൃതരുടെ വിശദീകരണം.