പേരാമ്പ്രയിലെ പ്രതിഷേധ സംഗമം  Source: News Malayalam 24x7
KERALA

ഷാഫി പറമ്പിലിനെതിരായ ആക്രമണത്തിൽ പേരാമ്പ്രയിൽ പ്രതിഷേധ സംഗമം; ഗതാഗതം തടസപ്പെടുത്തിയ 300ലധികം പേർക്കെതിരെ കേസ്

അന്യായമായ സംഘം ചേരൽ, പൊലീസിനെതിരെയുള്ള പ്രകോപനപരമായ മുദ്രാവാക്യം തുടങ്ങിയവയും കേസെടുക്കുന്നതിന് കാരണമായി.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയെ പൊലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ച് ഗതാഗതം തടസപ്പെടുത്തിയതിന് 325 പേർക്കെതിരെ കേസ്. അന്യായമായ സംഘം ചേരൽ, പൊലീസിനെതിരെയുള്ള പ്രകോപനപരമായ മുദ്രാവാക്യം തുടങ്ങിയവയും കേസെടുക്കുന്നതിന് കാരണമായി. കൂടാതെ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരേയും പ്രതിഷേധക്കാർ കൈയ്യേറ്റം ചെയ്തിരുന്നു.

പേരാമ്പ്രയിലെ പ്രതിഷേധ സംഗമം എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാലാണ് ഉദ്ഘാടനം ചെയ്തത്. റൂറൽ എസ്‌പിക്കെതിരെ കെ. സി. വേണുഗോപാൽ ഭീഷണി സ്വരം മുഴക്കിയിരുന്നു. ഷാഫിയെ മർദിച്ച പൊലീസുകാരനെ നോക്കിവച്ചിട്ടുണ്ട് എന്നും, ബൈജു മോനേ സൂക്ഷിച്ചോ ആറു മാസം കഴിഞ്ഞാൽ സർക്കാരുണ്ടാകില്ലെന്ന് ഓർത്തോ എന്നും വേണുഗോപാൽ പറഞ്ഞു.

നിയമം നടപ്പിലാക്കലാണ് പൊലീസിൻ്റെ ജോലി. ആ ജോലി ഏകപക്ഷീയമായി ചെയ്യാൻ പുറപ്പെട്ടാൽ കൃത്യമായ കണക്ക് എടുത്ത് വയ്ക്കുമെന്നും, ഒരു ഉദ്യോഗസ്ഥൻ പോലും ഇതിൽ നിന്നും രക്ഷപ്പെട്ട് പോകാമെന്ന് വിചാരിക്കേണ്ടെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. ശബരിമല വിവാദത്തിൽ നിന്നും മനപൂർവം ശ്രദ്ധ തിരിച്ചുവിടാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു.

രാജാവിനെക്കാൾ കൂടുതൽ രാജഭക്തി കാണിക്കുന്ന ചില പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടെന്നും,ഇത് കൊണ്ടെന്നും അയ്യപ്പൻ്റെ സ്വർണം കട്ട കേസ് ഇല്ലാതാകില്ലെന്നും പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പ്രതികരി ച്ചിരുന്നു. ഷാഷിയുടെ ചോര നിലത്ത് വീണിട്ടുണ്ടെങ്കിൽ അതിന് കൃത്യമായി കണക്ക് ചോദിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

SCROLL FOR NEXT