ചാല സ്വർണക്കൊള്ളക്കേസിലെ പ്രതികളെ കുറിച്ച് തുമ്പില്ലാതെ പൊലീസ് 
KERALA

പ്രതികൾ സഞ്ചരിച്ചത് സിസിടിവി ക്യാമറകൾ ഒഴിവാക്കി, കവർച്ചയ്ക്ക് പിന്നിൽ കൃത്യമായ ആസൂത്രണം; ചാല സ്വർണക്കൊള്ള കേസിലെ പ്രതികളെ കുറിച്ച് തുമ്പില്ലാതെ പൊലീസ്

ജ്വല്ലറി ഉടമ നന്ദകുമാറിൻ്റെ ശത്രുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ചാല സ്വർണക്കൊള്ളക്കേസിലെ പ്രതികളെ കുറിച്ച് തുമ്പില്ലാതെ പൊലീസ്. മോഷണത്തിന് ശേഷം പ്രതികൾ സഞ്ചരിച്ചത് ദൃശ്യങ്ങൾ വ്യക്തമായി ലഭിക്കുന്ന സിസിടിവി ക്യാമറകൾ ഒഴിവാക്കിയാണ്. കവർച്ചക്ക് പിന്നിൽ കൃത്യമായ ആസൂത്രണമാണ് ഉണ്ടായിരിക്കുന്നതെന്ന് അന്വേഷണ സംഘം പറഞ്ഞു. ജ്വല്ലറി ഉടമ നന്ദകുമാറിൻ്റെ ശത്രുക്കളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കി.

പ്രതികള്‍ സഞ്ചരിച്ചത് എന്ന് കരുതുന്ന ബൈക്ക് നഗരത്തില്‍ വളരെ കുറച്ച് മാത്രമേ ഉള്ളൂവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാത്രി നഗരത്തിലുണ്ടായിരുന്ന ബൈക്കുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്വര്‍ണക്കടയുടമയുടെ സഞ്ചാര സമയം അറിയുന്നവരാണ് മോഷ്ടാക്കൾ എന്നാണ് വിവരം.

വ്യാഴാഴ്ച രാത്രി 10.35-ഓടെയാണ് കവർച്ച നടന്നത്. ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമയായ നന്ദകുമാർ കടയടച്ച ശേഷം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം.മരക്കട റോഡിലെ എസ്ബിഐ ബാങ്കിന് സമീപത്തുവെച്ച് രണ്ട് ബൈക്കുകളിലായി ഹെൽമറ്റ് ധരിച്ചെത്തിയ സംഘം നന്ദകുമാറിനെ തടഞ്ഞുനിർത്തി സ്വർണമടങ്ങിയ ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. സാധാരണയായി മകനൊപ്പമാണ് ഇദ്ദേഹം വീട്ടിലേക്ക് പോകാറുള്ളതെങ്കിലും സംഭവദിവസം ഒറ്റയ്ക്കാണ് യാത്ര തിരിച്ചത്.

ഏകദേശം 2.6 കോടി രൂപ വിലമതിക്കുന്ന രണ്ട് കിലോ സ്വർണം നഷ്ടപ്പെട്ടതായാണ് ഉടമ പൊലീസിന് നൽകിയ പ്രാഥമിക പരാതിയിൽ പറയുന്നത്. എന്നാൽ കൃത്യമായ ബില്ലുകൾ ഇല്ലാത്തതിനാൽ 15 പവൻ സ്വർണമാണ് നഷ്ടപ്പെട്ടതെന്ന് ഉടമ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത് കേസിൽ ദുരൂഹത വർധിപ്പിച്ചിട്ടുണ്ട്.

SCROLL FOR NEXT