കൊച്ചി: റാപ്പർ വേടനെതിരായ ലൈംഗികാതിക്രമ കേസിൽ പൊലീസ് അന്വേഷണം വഴിമുട്ടി. മൊഴിയെടുക്കാനുള്ള പൊലീസിന്റെ നോട്ടീസിൽ പരാതിക്കാരി ഇതുവരെ പ്രതികരിച്ചിട്ടില്ല. പരാതിക്കാരിയുടെ മൊഴിയില്ലാതെ അന്വേഷണം തുടരാനാകില്ലെന്ന നിലപാടിലാണ് പൊലീസ്.
കഴിഞ്ഞ ഓഗസ്റ്റ് 21നാണ് എറണാകുളം സെൻട്രൽ പൊലീസ് വേടനെതിരെ കേസെടുത്തത്. ഗവേഷക വിദ്യാർഥി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലായിരുന്നു കേസ്. കൊച്ചിയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി വേടൻ ലൈംഗിക അതിക്രമം കാട്ടിയെന്നായിരുന്നു പരാതി. കേസിൽ വേടനെ നേരത്തെ തന്നെ ചോദ്യം ചെയ്തിരുന്നു. എന്നാൽ മൊഴിയെടുക്കാനുള്ള നോട്ടീസിൽ പരാതിക്കാരി പ്രതികരിച്ചിട്ടില്ലെന്നാണ് പൊലീസ് ഇപ്പോൾ വ്യക്തമാക്കുന്നത്.
അതേസമയം പൊലീസ് അയച്ച നോട്ടീസിനെതിരെ പരാതിക്കാരി ഹൈക്കോടതിയിലേക്ക് പോകുന്നതായും റിപ്പോർട്ടുണ്ട്. നോട്ടീസ് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതാണെന്നും അതിനാൽ റദ്ദാക്കണമെന്നുമാണ് പരാതിക്കാരിയുടെ ആവശ്യം.
ഈ കേസിൽ ജില്ലാകോടതി വേടന് ജാമ്യം അനുവദിച്ചിരുന്നു. കൊച്ചിയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി വേടൻ ലൈംഗിക അതിക്രമം കാട്ടിയെന്നായിരുന്നു പരാതി. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികാതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.