എറണാകുളം: മരടിൽ 19കാരനെ വെട്ടിപ്പരിക്കേൽപ്പിച്ച് പണം കവർന്നു. പൊലീസിന്റെ ക്രിമിനൽ പട്ടികയിൽ ഉൾപ്പെട്ട അനുരൂപാണ് യുവാവിനെ ആക്രമിച്ചത്. പാലക്കാട് സ്വദേശി മുഹമ്മദ് ആഷിഫിനെയാണ് മഴു ഉപയോഗിച്ച് തലയ്ക്കു വെട്ടിയത്. ആഷിഫിന്റെ കൈയിൽ ഉണ്ടായിരുന്ന 20,000 രൂപ പ്രതി കവർന്നു.
ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. പ്രതി അനുരൂപ് പണം തട്ടിയെടുക്കാനായി ആഷിഫിനെ ആക്രമിക്കുകയായിരുന്നു. മുഖ്യപ്രതി അനുരൂപിനൊപ്പം മറ്റ് അഞ്ച് പേർ കൂടി ഉണ്ടായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അനുരൂപിനും സംഘത്തിനുമായി പൊലീസ് അന്വേഷണം ഊർജിതമാക്കി.