കൊല്ലം: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) ഹോസ്റ്റലിൽ വിദ്യാർഥിനികൾ ജീവനൊടുക്കിയ കേസിൽ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി പൊലീസ്. കുട്ടികൾ ജീവനൊടുക്കില്ലെന്നും ഹോസ്റ്റലിൽ മാനസിക സമ്മർദം നേരിട്ടിരുന്നെന്നും മൊഴിയിൽ പറയുന്നതായാണ് സൂചന. ഹോസ്റ്റലിലെ പരിശീലകർക്ക് എതിരെയും വീട്ടുകാർ മൊഴി നൽകിയെന്നാണ് വിവരം.
മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞ ആരോപണങ്ങളെല്ലാം രക്ഷിതാക്കൾ പൊലീസിനു മുന്നിലും ആവർത്തിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാരുടെ മൊഴിയും രേഖപ്പെടുത്തിയതായാണ് വിവരം. ഡൽഹിയിൽ നിന്നുള്ള സംഘം ഉടൻ കൊല്ലം സായി ഹോസ്റ്റലിൽ എത്തി അന്വേഷണം നടത്തും. വിഷയത്തിൽ സായിയും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
നേരത്തെ സായി സെൻ്ററിലെ അധ്യാപകൻ രാജീവിനെതിരെ അന്വേഷണം വേണമെന്ന് മരിച്ച കോഴിക്കോട് സ്വദേശിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. മകൾ ഒരിക്കലും ജീവനൊടുക്കില്ലെന്ന് മാതാപിതാക്കൾ പറയുന്നു. മുഖ്യമന്ത്രിക്ക് പരാതി നൽകാനാണ് കുടുംബത്തിൻ്റെ തീരുമാനം.
പ്രത്യേക അന്വേഷണ സംഘമാണ് പെൺകുട്ടികളുടെ മരണം അന്വേഷിക്കുന്നത്. എസിപി ഷെരീഫിൻ്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. സഹപാഠികളുടേയും ഹോസ്റ്റൽ ജീവനക്കാരുടേയും വിശദമായ മൊഴിയെടുക്കുന്നുണ്ട്. ഹോസ്റ്റലിൻ്റെ നടത്തിപ്പുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്. ഹോസ്റ്റലിലെ മറ്റ് കുട്ടികൾക്ക് കൗൺസിലിങ്ങ് നൽകുകയും പ്രായപൂർത്തിയാകാത്ത കുട്ടികൾ താമസിക്കുന്ന മറ്റ് ഹോസ്റ്റലുകളിൽ സുരക്ഷാ ഓഡിറ്റ് നടത്തുകയും ചെയ്യാനും തീരുമാനമായിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് സായി ഹോസ്റ്റലിൽ വിദ്യാർഥിനികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പ്ലസ് ടു, പത്താം ക്ലാസ് വിദ്യാർഥികളാണ് മരിച്ച രണ്ട് പെൺകുട്ടികൾ. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളാണ് മരിച്ച വിദ്യാർഥികൾ.