കോഴിക്കോട്: ദീപക് ജീവനൊടുക്കിയ കേസിൽ പ്രതിയായ വടകര സ്വദേശി ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന. ഷിംജിത മംഗലാപുരത്തേക്ക് കടന്നുവെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. അറസ്റ്റ് നീക്കത്തിന് പിന്നാലെയാണ് യുവതി ഒളിവിൽ പോയത്. ഷിംജിതയ്ക്കായി തിരച്ചിൽ അന്വേഷണസംഘം ഊർജ്ജിതമാക്കിയിട്ടുണ്ട്. ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതിനാൽ ഷിംജിതയുടെ അറസ്റ്റ് അനിവാര്യമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ലൈംഗികാതിക്രമം നടന്നുവെന്ന ആരോപണം വന്ന സംഭവ ദിവസം ദീപക് സഞ്ചരിച്ച സ്വകാര്യ ബസിലെ ജീവനക്കാരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. സമൂഹ മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്ന് ജീവനക്കാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ബസിലെ സിസിടിവി ദൃശ്യങ്ങളിലും ലൈംഗികാതിക്രമം നടന്നുവെന്ന് സാധൂകരിക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ല.
"ബസിൽ ഏതെങ്കിലും തരത്തിൽ പ്രശ്നമുണ്ടായതായി ആരും ഒരു പരാതിയും പറഞ്ഞിരുന്നില്ല.പയ്യന്നൂർ റെയിൽവേ സ്റ്റോപ്പിൽ നിന്ന് നിരവധി പേർ ബസിൽ കയറിയതുകൊണ്ട് നല്ല തിരക്കായിരുന്നു. ബസിനകത്ത് സിസിടിവി ക്യാമറയുണ്ട്. അതിനകത്തും അത്തരത്തിൽ പ്രശ്നമുണ്ടായതിൻ്റെ യാതൊരു തെളുവുകളുമില്ല", ജീവനക്കാർ പറഞ്ഞു.
കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ ബസിൽ വച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ഗോവിന്ദപുരം സ്വദേശിയായ ദീപക്തിനെതിരെ വന്ന ആരോപണം. ദുരുദ്ദേശ്യത്തോടെ യുവാവ് ശരീരത്തിൽ സ്പർശിച്ചെന്ന് കാണിച്ച് വടകര സ്വദേശി ഷിംജിത മുസ്തഫ പൊലീസിൽ പരാതി നൽകിയിരുന്നു.
പരാതി നൽകിയതിന് പിന്നാലെ യുവതി പകർത്തിയ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു. 20 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. നിരവധിയാളുകൾ ഇത് പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ ദീപക്ക് കടുത്ത മാനസിക സമ്മർദത്തിലായിരുന്നു എന്ന് കുടുംബം പറയുന്നു.
"എൻ്റെ മകന്‍ പാവമായിരുന്നു, ഒരു പെണ്ണിനോടും അവന്‍ മോശമായി പെരുമാറിയിട്ടില്ല. ഞങ്ങളേയും കൂടി കൊണ്ടുപോകണമായിരുന്നു"- എന്നായിരുന്നു ദീപക്കിൻ്റെ അമ്മയുടെ പ്രതികരണം. ഷിംജിതയെ എത്രയും വേഗം പിടികൂടിയാൽ മാത്രമേ മകന് നീതി കിട്ടുകയുള്ളൂവെന്നും ദീപക്കിൻ്റെ പിതാവ് ചോയിയും പറഞ്ഞു.