ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശം 
KERALA

അൻസിബയുടെ പരാതിയില്‍ നടപടി; ടിനി ടോമിനെതിരെ പൊലീസ് കേസെടുത്തു

ജാമ്യമില്ലാ വകുപ്പ് പ്രകാരം കടവന്ത്ര പൊലീസാണ് കേസെടുത്തത്

Author : ന്യൂസ് ഡെസ്ക്

എറണാകുളം: വർഗീയ അധിക്ഷേപം നടത്തിയെന്ന അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കടവന്ത്ര പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും വർഗീയ അധിക്ഷേപം നടത്തിയതിനും അടക്കമാണ് കേസ്. ടിനി ടോമിനെതിരെ അൻസിബ നല്‍കിയ പരാതിയില്‍ കേസ് എടുക്കാനാവില്ലെന്ന പൊലീസ് റിപ്പോർട്ട്‌ അപൂർണമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അന്‍സിബയ്ക്ക് എതിരായ ജിഹാദി പരാമർശം തമാശയ്ക്ക് വിളിച്ചതാണെന്ന പൊലീസ് റിപ്പോർട്ടും കോടതി തള്ളിയിരുന്നു.

ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും നീന കുറുപ്പിന്‍റെ സാക്ഷിമൊഴികളിലും ഇക്കാര്യമുണ്ടെന്നും കോടതി ഉത്തരവില്‍ ഉണ്ട്. കോടതി ഉത്തരവിനെ തുടര്‍ന്നാണ് ടിനി ടോമിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗം കൂടിയായിരുന്ന നടി നീന കുറുപ്പിന്‍റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. അന്‍സിബയുടെ പരാതിയില്‍ വിശദമായ അന്വേഷണം വേണമെന്നും എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ബിഎന്‍എസ് 173 (5) പ്രകാരം കേസ് എടുക്കാനാണ് കടവന്ത്ര പൊലീസിന് കോടതി നിർദേശം നൽകിയിരുന്നത്. എറണാകുളം ജില്ലാ അഡീഷണൽ സെഷൻസ് 8ാം നമ്പർ കോടതിയിൽ ആണ് കേസ് എടുക്കാൻ പൊലീസിന് നിർദേശം നൽകിയത്.

ടിനി ടോം തനിക്കെതിരെ തുടർച്ചയായി സൈബർ അധിക്ഷേപം നടത്തുന്നുവെന്നും വർഗീയ പരാമർശങ്ങൾ നടത്തുന്നുവെന്നും അൻസിബ പൊലീസില്‍ നല്‍കിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ കുടുംബത്തെയും ടിനി വേട്ടയാടുകയാണെന്നും ടിനിയുടേത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അൻസിബയുടെ പരാതിയില്‍ ഉണ്ടായിരുന്നു. തന്നെ ജിഹാദിയാക്കാന്‍ ജനപ്രതിനിധി അടക്കമുള്ളവര്‍ കൂട്ടുനിന്നുവെന്നും തന്‍റെ കുടുംബാംഗങ്ങളെപ്പോലും തേജോവധം ചെയ്യാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അന്‍സിബ അടുത്തിടെ എഴുതിയ ഒരു ഫേസ്ബുക്ക് കുറിപ്പിലും ആരോപിച്ചിരുന്നു.

SCROLL FOR NEXT