ജീവനൊടുക്കിയ വിപഞ്ചിക, ഭര്‍ത്താവ് നിതീഷ്  Source: News Malayalam 24x7
KERALA

ഭർത്താവ് നിതീഷ് ഒന്നാം പ്രതി, സഹോദരി രണ്ടാം പ്രതി; വിപഞ്ചികയുടെയും മകളുടെയും മരണത്തിൽ കേസെടുത്ത് പൊലീസ്

ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്

Author : ന്യൂസ് ഡെസ്ക്

ഷാർജയിൽ കൊല്ലം സ്വദേശിനി വിപഞ്ചികയും മകളും ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ പൊലീസ് കേസെടുത്തു. ഭർത്താവ് നിതീഷിനെ ഒന്നാം പ്രതിയാക്കിയും, സഹോദരി നീതുവിനെ രണ്ടാം പ്രതിയാക്കിയും, നിതീഷിൻ്റെ അച്ഛനെ മൂന്നാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. വിപഞ്ചികയുടെ അമ്മ നൽകിയ പരാതിയിലാണ് കേസ്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയോടെയാണ് വിപഞ്ചികയെയും മകള്‍ വൈഭവിയെയും ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ ഒരേകയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് നിതീഷ് വിപഞ്ചികയെ മാനസികമായി നിരന്തരം പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മര്‍ദം ചെലുത്തിയിരുന്നതായുമാണ് കുടുംബം ആരോപിക്കുന്നത്. ഇരുവരുടെയും മരണവാർത്ത പുറത്തറിഞ്ഞതു മുതൽ യുവതിയുടെ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു.

പിന്നാലെ വിപഞ്ചികയുടെ ആത്മഹത്യക്കുറിപ്പും പുറത്തുവന്നിരുന്നു. സ്ത്രീധനത്തിൻ്റെ പേരിൽ തന്നെ കൊല്ലാക്കൊല ചെയ്തുവെന്നും, ഗർഭിണിയായിരുന്ന സമയത്ത് കഴുത്തിൽ ബെൽറ്റ് മുറുക്കി വലിച്ചുവെന്നും കുറിപ്പിൽ പറയുന്നുണ്ട്. മരണത്തിന് ഉത്തരവാദികൾ ഭർത്താവും ഭർതൃ പിതാവും ഭർതൃ സഹോദരിയുമെന്ന് വിപഞ്ചിക ആത്മഹത്യക്കുറിപ്പിൽ കുറിച്ചിട്ടുണ്ട്.

"മരിക്കാന്‍ ഒരാഗ്രഹവുമില്ലെന്നും കുഞ്ഞിന്റെ മുഖം കണ്ട് കൊതിതീര്‍ന്നിട്ടില്ല. ഒരിക്കലും കൊലയാളികളെ വെറുതെ വിടരുത്. അച്ഛന്‍ എന്ന് പറയുന്നയാള്‍ അപമര്യാദയായി പെരുമാറി എന്നറിഞ്ഞിട്ടും പ്രതികരിച്ചില്ല. എന്റെ ഭര്‍ത്താവ് അതിനു പകരം, എന്നെ കല്യാണം ചെയ്തത് അയാള്‍ക്ക് കൂടി വേണ്ടിയാണ് എന്നായി. കല്യാണം ആഡംബരമായി നടത്തിയില്ല. സ്ത്രീധനം കുറഞ്ഞുപോയി, കാര്‍ കൊടുത്തില്ല എന്നൊക്കെ പറഞ്ഞ് കൊല്ലാക്കൊല ചെയ്തു. വീടില്ലാത്തവള്‍, പണമില്ലാത്തവള്‍, തെണ്ടി ജീവിക്കുന്നവള്‍ എന്നിങ്ങനെയെല്ലാം ആക്ഷേപിച്ചു", വിപഞ്ചികയുടെ കുറിപ്പില്‍ പറയുന്നു.

ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്ആർ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു വിപഞ്ചിക. ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറാണ് വിപഞ്ചികയുടെ ഭർത്താവ്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും ഒരു വർഷമായി പിണങ്ങി കഴിയുകയായിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT