തലസ്ഥാനത്തെ സംഘര്‍ഷത്തില്‍ പൊലീസ് റിപ്പോര്‍ട്ട് പുറത്ത് 
KERALA

"പ്രശ്നത്തിന് കാരണമായത് കൂക്കിവിളിയും പന്തമേറും"; തലസ്ഥാനത്തെ സംഘര്‍ഷത്തില്‍ പൊലീസ് റിപ്പോര്‍ട്ട് പുറത്ത്

രണ്ടാം ഘട്ട സംഘർഷത്തിന് കാരണം,എസ്എഫ്ഐകാർ വാഹനം കത്തിച്ചു എന്ന വ്യാജ പ്രചരണമെന്നും പൊലീസ്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കഴിഞ്ഞദിവസം തലസ്ഥാന നഗരിയെ മണിക്കൂറുകളോളം യുദ്ധക്കളമാക്കിയ അക്രമസംഭവങ്ങളിൽ പൊലീസിൻ്റെ അന്വേഷണ റിപ്പോർട്ട് പുറത്ത്. എസ്എഫ്ഐ - യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൂവലോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമായതെന്ന് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പന്തംകൊളുത്തി പ്രകടനത്തിനിടെ പ്രവർത്തകരുടെ കയ്യിലെ പന്തം കത്തിയതോടെയാണ് ഇരുവിഭാഗവും തമ്മിൽ പരസ്പരം കൂവിവിളിക്കാൻ തുടങ്ങിയത്. ഇത് പിന്നീട് രൂക്ഷമായ കുപ്പിയേറിലേക്കും പന്തമേറിലേക്കും വഴിമാറുകയായിരുന്നു.

ആദ്യഘട്ടത്തിലുണ്ടായ പ്രശ്നം പൊലീസ് ഇടപെട്ട് വേഗത്തിൽ പരിഹരിച്ചിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതിനുപിന്നാലെ എസ്എഫ്ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ചുവെന്ന തരത്തിൽ പ്രചാരണമുണ്ടായതോടെയാണ് വീണ്ടും വൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പന്തം എറിഞ്ഞത് ശരിയായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

സമരം ആരംഭിക്കാനായി യൂണിവേഴ്സിറ്റി കോളേജ് തെരഞ്ഞെടുത്തതിലും പിശക് പറ്റി. യൂണിവേഴ്സിറ്റി ഹോസ്റ്റൽ പരിസരത്തു നിന്നും സമരം ആരംഭിക്കരുതായിരുന്നു. സംഘർഷത്തിനൊരു പ്രകോപനം തന്നെ ഈ തീരുമാനമായിരുന്നുവെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്.

SCROLL FOR NEXT