തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയാൻ രാഹുൽ മാങ്കൂട്ടത്തിലിന് സഹായം നൽകിയത് കർണാടകയിലെ യൂത്ത് കോൺഗ്രസ് നേതാവെന്ന് പൊലീസ്. യൂത്ത് കോൺഗ്രസ് നേതാവ് താമസ സൗകര്യവും, മറ്റ് സഹായങ്ങളും എത്തിച്ചത് പ്രദേശിക നേതാക്കളുടെ സഹായത്തോടെയെന്നും പൊലീസ്.
രാഹുലിന് വേണ്ടിയുള്ള തെരച്ചിൽ ഒൻപതാം ദിനത്തിലേക്ക് കടന്നിരിക്കവെയാണ് സഹായിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിരിക്കുന്നത്. 3000 ഏക്കർ വരുന്ന റിസോർട്ടിലായിരുന്നു രാഹുലിൻ്റെ താമസം. വളരെ സെൻസിറ്റിവായ സ്ഥലമായതിനാൽ പൊലീസ് ഇടപെടലിന് പരിമിതി ഉണ്ടായിരുന്നുവെന്നും വിവരമുണ്ട്.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനായി തെരച്ചിൽ തുടരുകയാണ് എസ്ഐടി. രാഹുൽ സംസ്ഥാനത്ത് എത്തിയെന്ന നിഗമനത്തിൽ പൊലീസ് വ്യാപക പരിശോധനയാണ് നടത്തുന്നത്. പാലക്കാട്, കാസർകോട്, കണ്ണൂർ വയനാട് തുടങ്ങിയ അതിർത്തി ജില്ലകളിൽ അന്വേഷണ സംഘം പഴുതടച്ച പരിശോധന നടത്തുകയാണ്.
അതിർത്തി ജില്ലകളിലെ ചെക്ക്‌പോസ്റ്റുകളിൽ കർശനനിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ് അന്വേഷണം സംഘം. കാസർഗോഡ്, മംഗലാപുരം ഉൾപ്പടെയുള്ള അതിർത്തികളിൽ ഹോട്ടലുകളിലും പൊലീസ് തെരച്ചിൽ നടത്തുന്നുണ്ട്. ഈ ജില്ലകളിലെ റിസോർട്ടുകളും ഹോട്ടലുകളും എസ്ഐടി റഡാറിലുണ്ട്. ജില്ലകളിലെ പ്രാദേശിക നേതാക്കളും അന്വേഷണ പരിധിയിലാണ്.
കഴിഞ്ഞ ദിവസം രാഹുലിൻ്റെ സഹായികളെ ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും അന്വേഷണം നടക്കും. കൂടുതൽ സഹായികളെയും റിസോർട്ട് ഉടമകളെയും കണ്ടെത്തിയെന്ന വിവരവും പുറത്തുവരുന്നുണ്ട്. അതേസമയം മുൻകൂർ ജാമ്യം തേടി രാഹുൽ ഹൈക്കോടതിയെ സമീപിച്ചേക്കും.