ഷിംജിതയെ അറസ്റ്റ് ചെയ്യുന്ന ദൃശ്യം Source: News Malayalam 24x7
KERALA

ദീപക്കിന്റെ മരണം: ഷിംജിതയുടെ ഫോൺ വിശദമായി പരിശോധിക്കാൻ പൊലീസ്; കസ്റ്റഡിയിൽ വാങ്ങാൻ നീക്കം

അതേസമയം, ജാമ്യം തേടി ഷിംജിത ഇന്ന് കോടതിയെ സമീപിച്ചേക്കും

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ റിമാൻഡിലായ ഷിംജിത മുസ്തഫയെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി അന്വേഷണം സംഘം. കൂടുതൽ ഡിജിറ്റൽ തെളിവുകൾ കണ്ടെത്താനാണ് പൊലീസിൻ്റെ നീക്കം. അതേസമയം ജാമ്യം തേടി ഷിംജിത ഇന്ന് കോടതിയെ സമീപിച്ചേക്കും.

ബുധനാഴ്ച ഉച്ചയോടെ വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ പൊലീസ് പിടികൂടിയത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ഷിംജിതക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കാനാണ് പൊലീസ് ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങുന്നത്.

ഷിംജിതയുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. വീഡിയോയിൽ ഷിംജിത കൃത്രിമത്വം കാണിച്ചിട്ടുണ്ടോ എന്നടക്കം പരിശോധിക്കാനാണ് പൊലീസ് നീക്കം.

ലൈംഗികാതിക്രമം നടന്നെന്ന് ആരോപിക്കുന്ന പയ്യന്നൂരിലെ ബസ് ജീവനക്കാരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ബസിലെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പൊലീസ് ശേഖരിച്ചിരുന്നു.

ജനുവരി 18നാണ് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്. ബസിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം ഉയർന്നതിന് പിന്നാലെയായിരുന്നു ഇത്. കണ്ണൂരിലേക്കുള്ള യാത്രക്കിടെ ബസിൽവെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്നും, ദുരുദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നും കാട്ടി ഷിംജിത വടകര പൊലീസിൽ പരാതി നൽകിയിരുന്നു.

ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി ദീപക്കിനെതിരെ സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവച്ചിരുന്നു. ഇത് വലിയ രീതിയിൽ പ്രചരിച്ചു. 20 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. നിരവധിയാളുകൾ ഇത് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പിന്നാലെ മകൻ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു എന്ന് കുടുംബം പറഞ്ഞു. ഷിംജിതയെ അറസ്റ്റ് ചെയ്താൽ മാത്രമേ മകന് നീതി ലഭിക്കുകയുള്ളൂ എന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി.

SCROLL FOR NEXT