തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യവേനലവധി വെട്ടിക്കുറച്ചെന്ന തരത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ പേരിൽ പ്രചരിക്കുന്ന വ്യാജ സർക്കുലറിൽ പൊലീസ് കേസെടുത്തു. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസെടുത്തത്.
വ്യാജരേഖ ഉണ്ടാക്കിയതടക്കം വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. വ്യാജ സർക്കുലർ പൊതുവിദ്യാഭ്യാസ വകുപ്പിന് അവമതിപ്പുണ്ടാക്കിയെന്നും എഫ്ഐആറിൽ പറയുന്നു.
വേനലവധി വെട്ടിക്കുറച്ചെന്ന വാർത്ത പ്രചരിച്ചതോടെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമിടയിൽ ആശങ്ക ഉയർന്നിരുന്നു. തുടർന്ന് സർക്കുലർ വ്യാജമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിക്കുകയായിരുന്നു.