ദിയ കൃഷ്ണകുമാറിന്റെ വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട് കേസില്‍ സമഗ്ര അന്വേഷണത്തിനൊരുങ്ങി പൊലീസ്. കേസില്‍ എല്ലാ മൊഴികളും പരിശോധിച്ച്, വ്യക്തമായ തെളിവുകള്‍ ലഭിച്ച ശേഷം നടപടി സ്വീകരിക്കാനാണ് പൊലിസിന്റെ നീക്കം.
അതേസമയം, ജീവനക്കാര്‍ കുറ്റസമ്മതം നടത്തുന്നതിന്റെ നിര്‍ണായക ദൃശ്യങ്ങള്‍ കൃഷ്ണകുമാറിന്റെ കുടുംബം പുറത്തുവിട്ടു. തെറ്റു പറ്റിയെന്നും ജീവനക്കാര്‍ വീഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ജീവനക്കാര്‍ പറഞ്ഞത് ദിയ ടാക്‌സ് വെട്ടിക്കാന്‍ വേണ്ടി പണം ജീവനക്കാരുടെ അക്കൗണ്ടിലൂടെ വാങ്ങിയെന്നാണ്. ഈ ആരോപണങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ നിര്‍ണ്ണായക ദൃശ്യങ്ങളാണ് ഇവ. 2024 ഒക്ടോബര്‍ മുതല്‍ പണം എടുത്തതായി വീഡിയോയില്‍ ജീവനക്കാര്‍ സമ്മതിക്കുന്നുണ്ട്. ജീവനക്കാരുടെ മുന്‍ ആരോപണങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ് സംഭാഷണവും.
വീഡിയോ പുറത്തുവന്നതോടെ ഇരുവിഭാഗവും നല്‍കിയ പരാതികളില്‍ സമഗ്രമായ അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്. തെളിവുകളും മൊഴികളും ശേഖരിച്ച ശേഷം ഏത് കേസിനാണോ മെറിറ്റ് ഉള്ളത് അതിലാവും പൊലീസ് കുറ്റപത്രം നല്‍കുക.
ജീവനക്കാരായ മൂന്നു സ്ത്രീകള്‍ 69 ലക്ഷം രൂപ സ്ഥാപനത്തിലെ ക്യൂ ആര്‍ കോഡ് മാറ്റി തട്ടിപ്പ് നടത്തിയെന്നാണ് കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണകുമാറിന്റെ പരാതി. ഈ പരാതികണ്ടോണ്‍മെന്റ് എസിപിക്ക് കൈമാറിയിരുന്നു. പരാതിയില്‍ മൊഴിയെടുക്കാന്‍ വിളിപ്പിച്ചപ്പോഴാണ് തങ്ങളെ ജാതീയമായി അധിക്ഷേപിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തു എന്ന് ജീവനക്കാര്‍ പരാതി നല്‍കിയത്. പത്തു വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കാവുന്ന കേസില്‍ ഒരു വനിത മൊഴി നല്‍കിയാല്‍ പ്രാഥമിക അന്വേഷണം നടത്തുന്നതിനു മുന്‍പ് പൊലീസിന് കേസെടുക്കേണ്ടി വരും. അതുകൊണ്ടാണ് കൃഷ്ണകുമാറിനെതിരെ കേസെടുത്തത് എന്നാണ് പൊലീസിന്റെ വിശദീകരണം.