തൃശൂർ: ട്രാഫിക്കിനിടെ വനിതാ പൊലീസ് ആംബുലൻസിന് വഴിയൊരുക്കിയതിൽ ട്വിസ്റ്റ്. രോഗിയില്ലാതെ വന്ന ആംബുലൻസിനാണ് അന്ന് വഴിയൊരുക്കിയത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ആംബുലൻസിൽ രോഗി ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പ് ആംബുലൻസ് ഡ്രൈവറിൽ നിന്ന് 2000 രൂപ പിഴ ഈടാക്കി.
സിറ്റി വനിതാ പൊലീസ് സ്റ്റേഷൻ എഎസ്ഐ ആയ അപർണ ലവകുമാറാണ് ആംബുലൻസിന് വഴിയൊരുക്കിയത്. അന്ന് വഴിയൊരുക്കാൻ ഓടുന്ന വനിതാ പൊലീസുകാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തൃശൂർ അശ്വിനി ജങ്ഷനിൽ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ആംബുലൻസിന് വഴിയൊരുക്കുന്ന വീഡിയോയാണ് സമൂഹമാധ്യമം ഏറ്റെടുത്തത്.
ഏറെ പണിപ്പെട്ടാണ് അപർണ മുന്നിലുള്ള വാഹനങ്ങൾ നീക്കിയത് എന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ആംബുലൻസ് ഡ്രൈവർക്കൊപ്പമുണ്ടായ വ്യക്തി പകർത്തിയ ദൃശ്യം പൊലീസിൻ്റെ ഔദ്യോഗിക പേജിലടക്കം ഇടംപിടിച്ചിരുന്നു.