തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാറായിട്ടും പോസ്റ്റൽ ബാലറ്റുകളുടെ കൃത്യമായ കണക്ക് പുറത്ത് വിടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. മണ്ഡലാടിസ്ഥാനത്തിലുള്ള കണക്കുകളാണ് ഇപ്പോഴും പുറത്ത് വിടാത്തത്. പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ട് പുറത്ത് വിട്ടത് ആകെ കണക്ക് മാത്രമാണ്.
ഇൻഡക്സ് കാർഡിൽ കണക്ക് ലഭ്യമാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശദീകരണം. ഇൻഡക്സ് കാർഡ് പ്രസിദ്ധീകരിക്കുക തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് ശേഷമാകും.
വോട്ടെടുപ്പ് പ്രക്രിയയിൽ ഭാഗമായ പോളിങ് ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ അവസരം ലഭിക്കാത്തതിനെതിരെ കഴിഞ്ഞദിവസം ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ആര് നല്‍കുമെന്നും എന്താണ് സംഭവിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി ചോദിച്ചിരുന്നു. തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്നു 20,000 ൽ അധികം ഉദ്യോഗസ്ഥർക്ക് വോട്ട് നഷ്ടപ്പെട്ടതായി പരാതി ഉയർന്നിരുന്നു. ഈ വിഷയത്തിലാണ് ഹൈക്കോടതി വിമർശനം ഉന്നയിച്ചത്.