KERALA

ഫൊറൻസിക് സർജൻ ഇല്ലാതെ പാലക്കാട് ജില്ലാ ആശുപത്രി; പ്രതിസന്ധിയിലായി പോസ്റ്റുമോർട്ടം

കഴിഞ്ഞ മാസം 25നാണ് പാലക്കാട് ജില്ല ആശുപത്രിയിലെ ഫൊറൻസിക് സർജൻ കാസർഗോട്ടേയ്ക്ക് സ്ഥലംമാറി പോയത്

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: ഒരാഴ്ചയലധികമായി പാലക്കാട് ജില്ലാ ആശുപത്രിയിൽ ഫൊറൻസിക് സർജനില്ല. ഫൊറൻസിക് വിഭാഗത്തിലെ പ്രതിസന്ധിയെ തുടർന്ന് മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യാനും സാധിക്കുന്നില്ല. പോസ്റ്റുമോർട്ട് നടപടികൾക്കായി പാലക്കാട്ടുകാർ തൃശൂർ ജില്ലയെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിൽ. കഴിഞ്ഞ മാസം 25നാണ് പാലക്കാട് ജില്ല ആശുപത്രിയിലെ ഫൊറൻസിക് സർജൻ കാസർഗോട്ടേയ്ക്ക് സ്ഥലംമാറി പോയത്. ഒരാഴ്ചയിലധികം പിന്നിട്ടിട്ടും പകരം ഫൊറൻസിക് സർജനെ നിയമിച്ചിട്ടില്ല.

രണ്ട് ഫൊറൻസിക് സർജന്മാരായിരുന്നു പാലക്കാട് ജില്ലാ ആശുപത്രിയിൽ ഉണ്ടായിരുന്നത്. ഒരാളെ തൃശൂരേക്കും മറ്റൊരാളെ കാസർഗോട്ടേക്കും മാറ്റുകയായിരുന്നു. എന്നാൽ പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഒഴിവുകളിലേക്കും പകരം ആളെത്തിയില്ല. ജില്ലാ ആശുപത്രിയിലെ ചീഫ് കൺസൾട്ടന്റ് ഇൻ ഫൊറൻസിക് മെഡിസിൻ തസ്തികയിൽ നിന്ന് ഡോ. പി.ബി. ഗുജറാൾ വിരമിച്ച ശേഷം ഈ തസ്തികയിൽ നിയമനമായിട്ടില്ല. ചീഫ് കൺസൾട്ടന്റ് തസ്തികയിലേക്ക് നിയമിക്കാൻ യോഗ്യതയുള്ളവർ പരിമിതമായതിനാൽ സീനിയർ കൺസൾട്ടൻ്റ് തസ്തികയിൽ നിയമനം നടത്തണമെന്നായിരുന്നു ആവശ്യം. ജില്ലാ ആശുപത്രിയിൽ ഒരു സീനിയർ കൺസൾട്ടന്റ് തസ്തിക മാത്രമാണുള്ളത്.

ഈ തസ്തിക രണ്ടുവർഷമായി ഒഴിഞ്ഞുകിടപ്പാണ്. അതിനാൽ ചില കേസുകളിലെ പോസ്റ്റുമോർട്ടം മറ്റ് ജില്ലകളിൽ വെച്ചാണ് നടത്താറുള്ളത്. ഫൊറൻസിക് സർജന്മാരെ നിയമിക്കാത്തതിനാൽ പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്കോ തൃശൂർ ജനറൽ ആശുപത്രിയിലേക്കോ അയക്കേണ്ട സ്ഥിതിയാണുള്ളത്. നിലവിൽ ഒരുദിവസം രണ്ടോ മൂന്നോ മൃതദേഹങ്ങളാണ് പോസ്റ്റ്മോർട്ടത്തിനായി തൃശൂരിലേക്ക് അയക്കേണ്ടി വരുന്നത്. ഇതിനുള്ള ചെലവും മരിച്ചയാളുടെ ബന്ധുക്കൾ വഹിക്കണം. പാലക്കാട്ടെ പാവപ്പെട്ട കുടുംബങ്ങളെ ഇരട്ടി ദുരിതത്തിലെത്തിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. എത്രയും പെട്ടെന്ന് സർക്കാർ പാലക്കാട് ജില്ലാ ആശുപത്രിയിൽ ഫൊറൻസിക് സർജന്മാരെ നിയമിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

SCROLL FOR NEXT